
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്നായ അമേരിക്കയുടെ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ തീപിടിത്തം. ഇസ്രയേൽ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലുണ്ടായ അപകടത്തിൽ രണ്ട് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. നിലവിൽ പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ കപ്പലിലുണ്ടായ ഈ അപകടം വലിയ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. എന്നാൽ ഇത് ശത്രുരാജ്യങ്ങളുടെ ആക്രമണമല്ലെന്നും ആഭ്യന്തരമായ കാരണങ്ങളാലാണ് തീപിടിത്തമുണ്ടായതെന്നുമാണ് അമേരിക്കൻ നാവികസേനയുടെ പ്രാഥമിക വിശദീകരണം.
അപകടത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ചോ കപ്പലിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ യുഎസ് പ്രതിരോധ മന്ത്രാലയം തയ്യാറായിട്ടില്ല. ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 14-നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ ഭീമൻ പടക്കപ്പലിനെ മേഖലയിലേക്ക് അയച്ചത്. നേരത്തെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള ദൗത്യത്തിലും നിർണ്ണായക പങ്കുവഹിച്ച കപ്പലാണിത്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരേസമയം 75 വിമാനങ്ങളെ വരെ വഹിക്കാൻ ശേഷിയുള്ള യുഎസ്എസ് ജെറാൾഡ് ഫോർഡ്, മേഖലയിലെ അമേരിക്കൻ സൈനിക നീക്കങ്ങളുടെ കരുത്താണ്. എബ്രഹാം ലിങ്കൺ പടക്കപ്പലിന് പിന്നാലെയാണ് ജെറാൾഡ് ഫോർഡ് കൂടി പശ്ചിമേഷ്യയിൽ എത്തിയത്. ഇറാനിലെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ തുടങ്ങിയ യുദ്ധത്തിൽ ഇസ്രയേൽ തീരത്ത് നിന്നുകൊണ്ട് അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നത് ഈ പടക്കപ്പലാണ്.
Fire on US Giant Warship USS Gerald R. Ford: Two Sailors Injured Amid Middle East Tensions















