കൊച്ചിയിൽ കോൺഗ്രസിന് 2 സ്ഥാനാർത്ഥികളോ! ദീപ്തിയുടെയും മുഹമ്മദ് ഷിയാസിന്റെയും പോസ്റ്ററുകൾ നഗരത്തിൽ, പാർട്ടി അങ്കലാപ്പിൽ

കൊച്ചി: കൊച്ചിയിലെ സ്ഥാനാർഥിത്വത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പുകയുന്ന ആഭ്യന്തര തർക്കങ്ങൾ പുറത്തേക്ക് പടരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിന്റെയും പേരിൽ പോസ്റ്ററുകളും ഫ്ലെക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടതോടെ പാർട്ടി നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. നേരത്തെ കൊച്ചി മേയർ സ്ഥാനത്ത് നിന്ന് തഴയപ്പെട്ടതിൽ ഡിസിസി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ദീപ്തി മേരി വർഗീസിന് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുമെന്ന വാഗ്ദാനം നൽകിയിരുന്നു. എന്നാൽ സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നതിന് മുമ്പ് തന്നെ പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

‘മുന്നൊരുക്കത്തിന്റെ ഭാഗമായാണ് പോസ്റ്ററുകൾ അച്ചടിച്ചത്. നേരത്തെ തൃക്കാക്കരയിൽ സാധ്യത ചോദിച്ചിരുന്നെങ്കിലും സിറ്റിങ് എംഎൽഎമാർ മത്സരിക്കുമെന്ന് വന്നതോടെ കൊച്ചിയിലേക്ക് സാധ്യത പറഞ്ഞു. പ്രചാരണത്തിന് വളരെ കുറച്ച് സമയം മാത്രമേ ബാക്കിയുള്ളൂ. നോമിനേഷൻ ഫോം ഫിൽ ചെയ്തത് മുന്നൊരുക്കം മാത്രമാണ്. പാർട്ടി പറഞ്ഞാൽ സ്ഥാനാർഥിയാകും. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എഐസിസിയിൽ ചർച്ച നടക്കുകയാണ്. പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും, അല്ലെങ്കിൽ മത്സരിക്കില്ല. ആരു മത്സരിച്ചാലും ഈ തവണ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കും’ — ദീപ്തി മേരി വർഗീസ് പ്രതികരിച്ചു.

ദീപ്തി മേരി വർഗീസാണോ മുഹമ്മദ് ഷിയാസാണോ സ്ഥാനാർഥി എന്ന പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ദീപ്തിയുടെ പേരിൽ പോസ്റ്ററുകൾ അടിച്ച് പ്രവർത്തകർ പ്രചാരണം ആരംഭിച്ചു. അതേസമയം യൂത്ത് കോൺഗ്രസ് പനമ്പള്ളി നഗർ യൂണിറ്റ് വിവിധയിടങ്ങളിൽ ഷിയാസിന് വേണ്ടിയുള്ള ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിൽ ഷിയാസിന് വേണ്ടി റോഡ് ഷോ സംഘടിപ്പിക്കാനും പ്രവർത്തകർ ഒരുങ്ങുന്നതായി അറിയിപ്പുകൾ വന്നിരുന്നു. എന്നാൽ സ്ഥാനാർഥി പ്രഖ്യാപനം നീണ്ടുപോകുന്നത് പ്രവർത്തകർക്കിടയിൽ വലിയ അമർഷം ഉയർത്തിയിട്ടുണ്ട്.

രണ്ടുപേരിൽ ആരെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാലും മറുവിഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടാകാനിടയുള്ളത് എങ്ങനെ നേരിടുമെന്നത് കോൺഗ്രസ് നേതൃത്വം നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇരുവർക്കും വേണ്ടി അണികൾ സജീവമായി രംഗത്തുണ്ട്. നേരത്തെ കൊച്ചി കോർപറേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേയർ സ്ഥാനാർഥിയായി ദീപ്തി മേരി വർഗീസിനെ ഉയർത്തിക്കാണിച്ചായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. എന്നാൽ അവസാന നിമിഷം ദീപ്തിയെ മേയർ സ്ഥാനത്ത് നിന്ന് തഴഞ്ഞത് വലിയ നാണക്കേടായിരുന്നു. അതൃപ്തി രേഖപ്പെടുത്തി ദീപ്തി പരസ്യമായി രംഗത്തെത്തുകയും ചെയ്തു. പിന്നീട് കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ ദീപ്തിയെ നേരിട്ട് വിളിച്ച് നിയമസഭാ സീറ്റ് നൽകുമെന്ന ഉറപ്പ് നൽകിയിരുന്നതായാണ് വിവരം.

More Stories from this section

family-dental
witywide