‘പിണറായി സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസിൻ്റെ പടനായകൻ എത്തുന്നു’- കണ്ണൂർ ഡിസിസിക്ക് മുന്നിൽ സുധാകരനായി ഫ്ലെക്സ് ബോർഡുകൾ

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ അനുകൂലിച്ച് കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ വ്യാപകമായി ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. “പിണറായി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിൻ്റെ പടനായകൻ കെ. സുധാകരൻ എത്തുന്നു” എന്ന വാചകങ്ങളാണ് ബോർഡുകളിൽ പ്രധാനമായും ഇടംപിടിച്ചിരിക്കുന്നത്.

‘കണ്ണൂരിൻ്റെ ഹൃദയമാണ് കെ.എസ്’ എന്നും സുധാകരനെ പടനായകനായി വിശേഷിപ്പിച്ചുകൊണ്ടുമുള്ള ബോർഡുകൾ അദ്ദേഹത്തിന്റെ അനുകൂലികളാണ് സ്ഥാപിച്ചിരിക്കുന്നത്. സുധാകരൻ ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കണമെന്ന ശക്തമായ ആവശ്യം പ്രവർത്തകർക്കിടയിലുണ്ടെന്നതിൻ്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഇന്നു രാവിലെയാണ് ഓഫിസിന്റെ മതിലിൽ ഫ്ലെക്സ് ബോർഡ് കണ്ടത്. നേരത്തെ തിരുവനന്തപുരത്തെ ഇന്ദിരാ ഭവനിലും സമാനമായ രീതിയിൽ സുധാകരനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

കണ്ണൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കണമെന്ന നിർബന്ധത്തിലാണ് കെ. സുധാകരൻ. എന്നാൽ, ലോക്സഭാ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സ്വന്തം തട്ടകമായ കണ്ണൂരിൽ സുധാകരനായി അണികൾ രംഗത്തിറങ്ങിയിരിക്കുന്നത്. അന്തിമ തീരുമാനം ഇന്നറിയാം. ചർച്ചകൾക്കായി കെ. സുധാകരൻ ഡൽഹിയിലെത്തിയിട്ടുണ്ട്.

സ്ഥാനാർഥി നിർണയ ചർച്ച പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച സുധാകരൻ അപ്രതീക്ഷിതമായി വീട്ടിലേക്കു മടങ്ങിപ്പോന്നിരുന്നു. തുടർന്ന് വൈകാരികമായി സമൂഹമാധ്യമത്തിൽ കുറിപ്പുമിട്ടു. ഇതോടെ കോൺഗ്രസ് വലിയ പ്രതിസന്ധിയിലായിരുന്നു. സുധാകരനായി ഫ്ലക്സ് ബോർഡുകൾ ഉയർന്നതോടെ കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിട്ടുണ്ട്.

Flex boards for K Sudhakaran in front of Kannur DCC.

More Stories from this section

family-dental
witywide