അമേരിക്കയിലുടനീളമുള്ള മലയാളി നൃത്തോപാസകർ ചരിത്രം കുറിക്കാൻ ഒരേ വേദിയിൽ

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക് :കേരളത്തിന്റെ ശാസ്ത്രീയ നൃത്തപാരമ്പര്യത്തിന് ആഗോള വേദിയിൽ പുതിയ ചരിത്രം രചിക്കാൻ ഒരുങ്ങുകയാണ് ഫൊക്കാന 2026 ദേശീയ കൺവെൻഷൻ. ആയിരത്തിലധികം കലാകാരികൾ ഒരേസമയം മോഹിനിയാട്ടം അവതരിപ്പിക്കുന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമമാണ് കൺവെൻഷന്റെ ഏറ്റവും ശ്രദ്ധേയമായ ആകർഷണമായി ഒരുക്കുന്നത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 1,100-ലധികം നർത്തകികൾ ഇതിനകം രജിസ്റ്റർ ചെയ്തുകഴിഞ്ഞു. നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും കലാസ്നേഹവും ലോകത്തിന് മുന്നിൽ തെളിയിക്കുന്ന അപൂർവ മുഹൂർത്തമാകുമിതെന്ന് ഏവരും പ്രേതിക്ഷിക്കുന്നു.

അമേരിക്കയിൽ എട്ടു മുതൽ പത്തു ലക്ഷം വരെ മലയാളികൾ താമസിക്കുന്നുവെന്നാണ് വിവിധ പ്രവാസി സംഘടനകളുടെ കണക്ക്. വിദ്യാഭ്യാസം, ആരോഗ്യരംഗം, ഐ.ടി., ഗവേഷണം, ബിസിനസ് തുടങ്ങി വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ഈ സമൂഹം, ഇപ്പോൾ കേരളത്തിന്റെ തനത് കലാപൈതൃകം ലോക റെക്കോർഡിന്റെ വേദിയിലേക്ക് ഉയർത്തിക്കൊണ്ടുപോകാൻ കൈകോർക്കുകയാണ്. പ്രവാസി മലയാളികളുടെ സാംസ്ക‌ാരിക അഭിമാനത്തിന്റെയും കൂട്ടായ്മയുടെയും ഉജ്ജ്വല പ്രതീകമായി ഈ ഗിന്നസ് ശ്രമം മാറുമെന്ന് ഫൊക്കാന ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.

മോഹിനിയാട്ടം ഗിന്നസ് റെക്കോർഡ് ശ്രമത്തിൽ പങ്കെടുക്കുന്ന എല്ലാ കലാകാരികളുടെയും വേഷങ്ങൾ കോട്ടയത്തെ ലക്ഷ്‌മി സിൽക്‌സ് സ്പോൺസർ ചെയ്യുമെന്ന സന്തോഷവാർത്തയും പങ്കുവെക്കുന്നു. കേരളത്തിന്റെ പാരമ്പര്യവും പെരുമയും ലോകവേദിയിൽ കൂടുതൽ പ്രൗഢിയോടെ അവതരിപ്പിക്കുന്ന ഈ മഹാസംരംഭത്തിൽ ലക്ഷ്മി സിൽക്സിന്റെ സഹകരണം വിലമതിക്കാനാവാത്ത പിന്തുണയാണെന്നും അവർ പറഞ്ഞു.

ഗിന്നസ് റെക്കോർഡ് പരിപാടിയിൽ പങ്കെടുക്കുന്ന കലാകാരികൾക്ക് അവർ പങ്കെടുക്കുന്ന ദിവസത്തെ കൺവെൻഷൻ രജിസ്ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കാൻ ഫൊക്കാന തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയുടെ വിവിധ കോണുകളിൽ നിന്ന് എത്തുന്ന നൃത്തോപാസകരുടെ പങ്കാളിത്തം കൂടുതൽ സുഗമവും സൗകര്യപ്രദവുമാക്കുന്നതിനായാണ് ഈ തീരുമാനം. അതിനാവശ്യമായ എല്ലാ ലോജിസ്റ്ററ്റിക് സംവിധാനങ്ങളും വിപുലമായി ഒരുക്കിവരുന്നതായും സംഘാടകർ അറിയിച്ചു.

ഗുരു ബീന മേനോൻ കോറിയൊഗ്രാഫി ചെയ്യുന്ന ഈ പ്രോഗ്രാമിൽ അമേരിക്കയിലെ പ്രധാന ഡാൻസ് ടീച്ചേഴ്സും ഗുരുക്കന്മാരുമായ നിമ്മി ദാസ്, നിമ്മി ബാബു,ബിന്ധ്യ ശബരി, ദേവിക നായർ,ലിസ ജോസഫ്, ലതിക നായർ,ജെയിൻ തെരേസ ബാബ അശ്വതി അരുൺ,ബേസിൽ കാളഹർട്സ്, ബേബി തടവനാൽ ,ആശ അഗസ്റ്റിൻ, മാലിനി നായർ ,നീന ഫിലിപ്പ്,സൗയാ, ചന്ദ്രിക കുറുപ്പ് ,ലക്ഷ്മി കുറുപ്പ്, അഞ്ജന പ്രദീപ്, പ്രിയ ലൂയിസ്, ജോജോ കൊട്ടാരക്കര, സുഷമ പ്രവീൺ ,മേരിയാൻ മൈക്കിൾ, സുജിത് തോന്നാറിൽ റുബീന സുദർശൻ, അപരുമ ചാറ്റർജി തുടങ്ങി നിരവധി ഡാൻസ് സ്കൂളുകളും ടീച്ചേഴ്‌സും ഇതിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു.

ഇതിന്റെ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്ന മനോജ് വട്ടപ്പള്ളി, കോ കോർഡിനേറ്റർ ഡോ. ഷൈനി രാജു എന്നിവരും എക്സ‌ിക്യൂട്ടീവ് കമ്മിറ്റിയും ലോകത്തിലേക്കും ഏറ്റവും വലുതും പുരാതനമായ പ്രവാസി സംഘടനായ ഫൊക്കാനയുടെ 2026 ദേശീയ കൺവെൻഷൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഗമമായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സാമ്പത്തിക നേട്ടമല്ല, ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയങ്ങളെ ഒരു ചരടിൽ കോർത്തിണക്കുകയും കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ലോകസമക്ഷം അഭിമാനത്തോടെ അവതരിപ്പിക്കുകയുമാണ് ഫൊക്കാനയുടെ ലക്ഷ്യമെന്ന് നേതാക്കൾ വ്യക്തമാക്കി. ചരിത്രത്തിന്റെ താളുകളിൽ ഇടംനേടാൻ ഒരുങ്ങുന്ന ഈ ഗിന്നസ് റെക്കോർഡ് ശ്രമത്തിലും ഫൊക്കാന 2026 കൺവെൻഷനിലും എല്ലാ മലയാളികളുടെയും ഹൃദയപൂർവമായ സഹകരണവും പിന്തുണയും അഭ്യർഥിക്കുന്നു.

FOKANA 2026 international Convention: A Guinness World Record attempt featuring over a thousand artists performing Mohiniyattam simultaneously is being organized as the convention’s most notable attraction.

More Stories from this section

family-dental
witywide