ഫോമ തെരഞ്ഞെടുപ്പ്: മാത്യു ചെരുവിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ, ജോർജ് മാത്യുവും മാത്യു ജോഷ്വയും ഇലക്ഷൻ കമ്മീഷണർമാർ

ഷോളി കുമ്പിളുവേലി

ന്യൂയോർക്ക്: ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ, ഹ്യൂസ്റ്റനിൽ
നടക്കുന്ന ഫോമയുടെ ഒമ്പതാമത് അന്താരാഷ്ട്ര
കൺവെൻഷനോടനുബന്ധിച്ചുള്ള തിരഞ്ഞെടുപ്പ് നടത്താനുള്ള ഇലക്ഷൻ കമ്മീഷൻ രൂപീകരിച്ചു. ഫോമയെ ഭാവിയിൽ നയിക്കാനുള്ള ഭാരവാഹികളെ കണ്ടെത്തുന്ന
ഇലക്ഷന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി, ഫോമ നാഷണൽ കമ്മിറ്റിയാണ്
ഇലക്ഷൻ കമ്മീഷനെ നിയമിച്ചത്. മുതിർന്ന നേതാവ് മാത്യു ചെരുവിൽ
(ഡിട്രോയിറ്റ്‌ ) ആണ് ചീഫ് ഇലക്ഷൻ കമ്മീഷണർ. ജോർജ് മാത്യു സി.പി.എ
(ഫിലാഡൽഫിയ), മാത്യു ജോഷ്വാ (ബോബി – ന്യൂയോർക്ക്) എന്നിവരെ
ഇലക്ഷൻ കമ്മീഷണർമാരായും തെരെഞ്ഞെടുത്തു.

ചീഫ് ഇലക്ഷൻ കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട മാത്യു ചെരുവിൽ
ഫോമയുടെ പ്രഥമ അഡ്വൈസറി ബോർഡ് ചെയർമാനായിരുന്നു. 1984
മുതൽ ഡിട്രോയിറ്റ് മലയാളി അസ്സോസിയേറ്റിന്റെ ഭാഗമായി
പ്രവർത്തിക്കുന്ന മാത്യു, ആ സംഘടനയുടെ സെക്രട്ടറിയായും,
പ്രസിഡന്റായും നിരവധി തവണ സേവനം ചെയ്തിട്ടുണ്ട്. ഫോമയുടെ
മുൻ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ കൂടിയായ മാത്യു ചെരുവിൽ,
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു.

ഇലക്ഷൻ കമ്മീഷണർ ആയി തെരഞ്ഞെടുക്കപ്പെട്ട ജോർജ് മാത്യു
സി.പി.എ, ഫോമയുടെ സ്‌ഥാപക നേതാക്കളിൽ പ്രമുഖനും, മുൻ
പ്രസിഡന്റും ആണ്. ഫിലാഡൽഫിയ കേന്ദ്രമായി പ്രവർത്തിക്കുന്ന
മലയാളി സംഘടനയായ “കല” യുടെ സ്‌ഥാപകനും മുൻ
പ്രസിഡന്റുകൂടിയായ ജോർജ്‌ മാത്യു, ഫോമയുടെ മുൻ ഇലക്ഷൻ
കമ്മീഷണർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഫിലാഡൽഫിയിലെ സാമൂഹിക –
സാംസ്‌കാരിക – രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായ മാത്യു,
ഫിലാഡൽഫിയ സിറ്റി ഹ്യൂമൻ റൈറ്സ് കമ്മീഷണർ, പെൻസിൽവാനിയ
സ്റ്റേറ്റ് ഗവർണരുടെ ഉപദേശക സമിതി അംഗം, ചേംബർ ഓഫ് കോമേഴ്‌സ്
അംഗം, ഫിലാഡൽഫിയ സിറ്റി ടാക്സ് റിവ്യൂ ബോർഡ് അംഗം തുടങ്ങി നിരവധിയായ പ്രവർത്തന രംഗങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

മറ്റൊരു ഇലക്ഷൻ കമ്മീഷണറായ മാത്യു ജോഷ്വാ (ബോബി) നിലവിൽ
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.
കേരള കൾച്ചറൽ അസോസിയേഷൻ ഗോൾഡൻ ജൂബിലി സുവനീർ ചീഫ്
എഡിറ്റർ, ഫോമാ ഗോൾഫ് ടുർണമെന്റ് ഓർഗനൈസർ, ന്യൂയോർക്ക്
മലയാളി സ്പോർട്സ് ക്ലബ് ബാസ്കറ്റ്ബോൾ ടുർണമെന്റ് കോർഡിനേറ്റർ
തുടങ്ങി നിരവധി മേഖലകളിൽ തന്റെ മികവ് തെളിയിച്ച മാത്യു ജോഷ്വാ,
വൈസ്‌മെൻ ക്ലബ്ബ് ഗ്ലെൻ ഓക്ക് ചാപ്റ്റർ സെക്രട്ടറിയായും സേവനം
ചെയ്യുന്നു.

ഫോമയുടെ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ
സഹായവും വാഗ്ദാനം ചെയ്യുന്നതായി പ്രസിഡന്റ് ബേബി
മണക്കുന്നേൽ, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍
പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി
പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവർ
അറിയിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഇലക്ഷൻ
കമ്മീഷണർമാർക്കു എല്ലാവിധ ആശസകളും നേരുന്നതായി ഫോമ
അഡ്വൈസറി ബോർഡ് ചെയർമാൻ ഷിനു ജോസഫും പറഞ്ഞു.

More Stories from this section

family-dental
witywide