വീടിന് ജപ്തി നോട്ടീസ് ലഭിച്ചത് വ്യക്തിപരമായ കാര്യം, പാർട്ടിയോട് സഹായം ചോദിക്കില്ല; പ്രതിസന്ധി തുറന്നുപറഞ്ഞ് എംകെ മുനീർ

തന്റെ വീടിന് ജപ്തി നോട്ടീസ് ലഭിച്ചത് പൂർണ്ണമായും വ്യക്തിപരമായ കാര്യമാണെന്നും അത് പരിഹരിക്കാൻ ശ്രമിച്ചുവരികയാണെന്നും മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ. വീട് നവീകരിക്കുന്നതിനായി എടുത്ത ബാങ്ക് ലോൺ കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ലോൺ തിരിച്ചടയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിചാരിച്ചതുപോലെ സാമ്പത്തിക സ്രോതസ്സുകൾ ഉണ്ടായില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ജാഫർഖാൻ കോളനിയിലെ ഒരു വീട് വിറ്റ് ലോണിന്റെ ഒരു ഭാഗം നേരത്തെ അടച്ചിരുന്നു.

ബാങ്ക് പരമാവധി സമയം നീട്ടി നൽകിയിട്ടുണ്ടെന്നും എന്നാൽ നിലവിൽ പണം തിരിച്ചടയ്ക്കാൻ മാർഗ്ഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൺ ടൈം സെറ്റിൽമെന്റ് തുകയായി 49 ലക്ഷം രൂപയാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. മാർച്ച് 31-നകം പണം അടച്ചില്ലെങ്കിൽ ബാങ്ക് തുടർനടപടികളിലേക്ക് നീങ്ങും. ബാധ്യതകൾ തീർക്കാൻ പാർട്ടിയോട് സഹായം ചോദിക്കുന്നത് ശരിയല്ലെന്നും ഓരോ വ്യക്തിയുടെയും ബാധ്യതകൾ ഏറ്റെടുക്കാൻ പാർട്ടിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതൃത്വം തന്നെ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമ്പന്ന കുടുംബമല്ല തന്റേതെന്നും കച്ചവടം തനിക്ക് പറഞ്ഞിട്ടുള്ള പണിയല്ലെന്നും അദ്ദേഹം നർമ്മം കലർത്തി പറഞ്ഞു. പണത്തേക്കാൾ വലുതാണ് ബന്ധങ്ങൾ എന്നും പ്രതിസന്ധിയെ മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആരുടെയും മുന്നിൽ പോയി സഹായം തേടുന്ന ശീലമില്ലെന്നും എന്തെങ്കിലും വഴി തുറക്കുമെന്ന് വിശ്വസിക്കുന്നതായും മുനീർ വ്യക്തമാക്കി. എപ്പോഴും സന്തോഷമായിരിക്കണമെന്നും ലോണുകൾ എടുക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഉപദേശിച്ചു.

Foreclosure notice on house is personal; M.K. Muneer opens up about financial crisis

More Stories from this section

family-dental
witywide