
വാഷിംഗ്ടൺ: യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ‘എപ്‌സ്റ്റീൻ ഫയലുകൾ’ പ്രകാരം, ബ്രിട്ടീഷ് മുൻ രാജകുമാരൻ ആൻഡ്രൂ (ആൻഡ്രൂ മൗണ്ട്ബാറ്റൻ-വിൻസർ) ഔദ്യോഗിക പദവിയിലിരിക്കെ ജെഫ്രി എപ്‌സ്റ്റീനുമായി അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പങ്കിട്ടതായി വെളിപ്പെടുത്തൽ.
2001 മുതൽ 2011 വരെ ബ്രിട്ടൻ്റെ പ്രത്യേക വ്യാപാര-നിക്ഷേപ പ്രതിനിധിയായിരുന്ന കാലയളവിൽ, ആൻഡ്രൂ തൻ്റെ പദവി സ്വന്തം ബിസിനസ്സ് താൽപ്പര്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന് ഇമെയിലുകൾ സൂചിപ്പിക്കുന്നു. 2010-ൽ അയച്ച ഇമെയിലുകൾ പ്രകാരം, ബ്രിട്ടീഷ് നികുതിപ്പണത്താൽ പ്രവർത്തിച്ചിരുന്ന റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡിൻ്റെ (RBS) പുനസംഘടനയെക്കുറിച്ചുള്ള വിവരങ്ങളും ബാങ്ക് സിഇഒയെക്കുറിച്ചുള്ള വിമർശനങ്ങളും അദ്ദേഹം കൈമാറിയതായി പറയപ്പെടുന്നു. കൂടാതെ, ആസ്റ്റൺ മാർട്ടിൻ കമ്പനിയുമായി ബന്ധപ്പെട്ട ആഭ്യന്തര പ്രശ്നങ്ങളും അദ്ദേഹം പങ്കുവെച്ചു.
ആൻഡ്രൂവിൻ്റെ സഹായി ഡേവിഡ് സ്റ്റേൺ വഴിയാണ് വിവരങ്ങൾ എപ്സ്റ്റീനിലേക്ക് എത്തിയിരുന്നത്. ആൻഡ്രൂ രാജകുമാരൻ്റെ വ്യക്തിഗത സഹായിയായും ഉപദേശകനായും സ്റ്റേൺ പ്രവർത്തിച്ചിരുന്നു. ആൻഡ്രൂവിൻ്റെ സംരംഭമായ ‘പിച്ച് അറ്റ് പാലസ്’ -ൻ്റെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആൻഡ്രൂവും എപ്സ്റ്റീനും തമ്മിലുള്ള ആശയവിനിമയങ്ങൾ ഏകോപിപ്പിച്ചിരുന്നത് സ്റ്റേൺ ആയിരുന്നു. എപ്സ്റ്റീനെ അദ്ദേഹം “ബോസ്” എന്ന് വിളിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. എപ്സ്റ്റീൻ്റെ 2008-ലെ ശിക്ഷാവിധിക്ക് ശേഷവും ഇവർ തമ്മിലുള്ള ബന്ധം തുടർന്നിരുന്നു. ജർമ്മൻ-ഫ്രഞ്ച് പൗരനായ ഇദ്ദേഹം ആറ് ഭാഷകളിൽ പ്രാവീണ്യമുള്ളയാളാണ്. നിലവിൽ അദ്ദേഹം യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (UAE) താമസിക്കുന്നതായാണ് കരുതപ്പെടുന്നത്.
2010-ൽ ആൻഡ്രൂ നടത്തിയ ഔദ്യോഗിക ചൈന സന്ദർശന വേളയിൽ അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടമുണ്ടാകുന്ന രീതിയിലുള്ള കൂടിക്കാഴ്ചകൾ എപ്സ്റ്റീൻ ഏർപ്പാട് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എപ്സ്റ്റീനും ആൻഡ്രൂവും ചേർന്ന് ലണ്ടനിലും ബീജിംഗിലും പുതിയ ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു.
എപ്സ്റ്റീനുമായുള്ള സൗഹൃദത്തെത്തുടർന്ന് ഉയർന്ന വിമർശനങ്ങളാണ് 2011-ൽ ആൻഡ്രൂവിന് വ്യാപാര പ്രതിനിധി എന്ന പദവി ഒഴിഞ്ഞു കൊടുക്കേണ്ടി വന്നത്. ഇപ്പോഴത്തെ ഈ വെളിപ്പെടുത്തലുകൾ ആൻഡ്രൂവിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Former British Prince Andrew reportedly shared highly classified information with Epstein















