കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിനെ രൂക്ഷമായി വിമർശിച്ച് ഡി.സി.സി. മുൻ ജനറൽ സെക്രട്ടറി തോമസ് വർഗീസ്. പേരാവൂർ മണ്ഡലത്തിൽ കോൺഗ്രസിൽ വളർന്നുവന്ന ഒട്ടേറെ നേതാക്കളെ സണ്ണി ജോസഫ് ഒതുക്കുകയും പാർട്ടിക്ക് പുറത്തേക്ക് വഴിയൊരുക്കുകയും ചെയ്തുവെന്ന് തോമസ് വർഗീസ് പത്രസമ്മേളനത്തിൽ ആരോപിച്ചു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അവസാന മത്സരമാണെന്ന് സണ്ണി ജോസഫ് പറഞ്ഞാണ് വോട്ടുതേടിയത്. എന്നിട്ടും ഇത്തവണ തിരഞ്ഞെടുപ്പിൽ സ്വയംസ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. തദ്ദേശതിരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ സണ്ണി ജോസഫിന്റെ ഇഷ്ടക്കാർക്ക് മാത്രമാണ് സീറ്റ് നൽകിയത്. സ്ഥിരംസമിതിയംഗങ്ങളെ നിശ്ചയിച്ചത് ഇദ്ദേഹത്തിന്റെ താത്പര്യപ്രകാരമാണെന്നും തോമസ് വർഗീസ് ആരോപിച്ചു.
കുടുംബത്തിൽനിന്ന് ഒൻപതുപേർക്ക് കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ സണ്ണി ജോസഫ് ജോലി വാങ്ങിക്കൊടുത്തു. 2020-ലെ തിരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സണ്ണി ജോസഫിന്റെ അനുയായി തനിക്കെതിരേ പ്രചാരണം നടത്തി. കെ.പി.സി.സി.ക്ക് പരാതി നൽകിയിട്ടും അദ്ദേഹത്തിനെതിരേ നടപടിയുണ്ടായില്ല. ഒട്ടേറെ പരാതികളുള്ള മറ്റ് ഡി.സി.സി. ഭാരവാഹികൾക്കെതിരേ നടപടിയെടുക്കാതെ തനിക്കെതിരേ തിടുക്കത്തിൽ നടപടിയെടുത്തുവെന്നും തോമസ് വർഗീസ് കൂട്ടിച്ചേർത്തു. അതേസമയം, തോമസ് വർഗീസിനെ കോൺഗ്രസിൻ്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു.
Former DCC General Secretary Thomas Varghese sharply criticized KPCC President Sunny Joseph.









