മുൻ ഡോക്ടറായ ജാവൈദ് പെർവൈസിൻ്റെ അനാവശ്യ ശസ്ത്രക്രിയകൾ: കേസ് കൊടുത്ത് 500 ലധികം സ്ത്രീകൾ, ഓരോ പരാതിക്കാരിക്കും 10 മില്യൺ ഡോളർ വീതം നഷ്ടപരിഹാരം വേണമെന്നാവശ്യം

മുൻ ഡോക്ടറായ ജാവൈദ് പെർവൈസ് നടത്തിയ അനാവശ്യ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട് വെർജീനിയയിലെ ഒരു ആശുപത്രിക്കെതിരെ 510 സ്ത്രീകൾ കേസ് കൊടുത്തു. ചെസപീക്ക് റീജിയണൽ മെഡിക്കൽ സെന്ററും അതിന്റെ മുതിർന്ന ഉദ്യോഗസ്ഥരും ഓരോ പരാതിക്കാരിക്കും 10 മില്യൺ ഡോളർ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കേസ്. മെഡിക്കൽ തട്ടിപ്പിന് കുറ്റക്കാരനായി 59 വർഷം തടവ് അനുഭവിക്കുന്ന ജാവൈദ് പെർവൈസിന്റെ പ്രവൃത്തികളെക്കുറിച്ച് ആശുപത്രി അധികൃതർക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും എന്നിട്ടും അവർ അതിൽ ഇടപെട്ടില്ലെന്നും പരാതിയിൽ സ്ത്രീകൾ ആരോപിക്കുന്നു.

ആരോഗ്യത്തിന് അടിയന്തര ഭീഷണി ഉണ്ടെന്ന് പറഞ്ഞ് രോഗികളെ വർഷങ്ങളോളം പെർവൈസ് ഭീതിപ്പെടുത്തിയിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഗർഭപാത്രം നീക്കം ചെയ്യുന്ന ഹിസ്റ്ററക്ടമി ഉൾപ്പെടെ, ഗർഭച്ഛിദ്രത്തിന് ശേഷം അല്ലെങ്കിൽ രക്തസ്രാവത്തിന് നടത്തുന്ന ഡൈലേഷൻ ആൻഡ് ക്യൂററ്റേജ് (D&C) ശസ്ത്രക്രിയകളും അദ്ദേഹം അനാവശ്യമായി നിർദേശിച്ചിരുന്നു.

ചില സമയത്ത്, സ്വന്തം സൗകര്യത്തിന് പ്രസവം നേരത്തെ നടത്താനായി ഗർഭിണികളായ രോഗികളുടെ ഡ്യൂ ഡേറ്റ് പോലും കൃത്രിമമായി മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. പെർവൈസിന്റെ രോഗികളിൽ ഭൂരിഭാഗവും മെഡിക്കെയ്ഡ് ഇൻഷുറൻസ് പരിരക്ഷയിലായിരുന്നതിനാൽ കൂടുതൽ ശസ്ത്രക്രിയകൾ നടത്തിയതനുസരിച്ച് അദ്ദേഹത്തിന് കൂടുതൽ പണം ലഭിച്ചു. ആഡംബര ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന് അഞ്ച് ആഢംബര കാറുകളും വിലകൂടിയ ഷോപ്പിംഗ് ശീലങ്ങളും ഉണ്ടായിരുന്നു.

പത്ത് വർഷത്തിനിടെ 2 കോടി ഡോളറിലധികം തട്ടിപ്പുകേസുകൾ രജിസ്റ്റർ ചെയ്തതായാണ് കണ്ടെത്തൽ. ഈ ചികിത്സകൾ പല സ്ത്രീകളെയും മാനസികമായി തകർത്തു. ചിലർക്കു മൂത്ര നിയന്ത്രണം നഷ്ടപ്പെടൽ, ലൈംഗികബന്ധം സാധ്യമാകാത്ത അവസ്ഥ തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ശസ്ത്രക്രിയ എന്താണെന്ന് പോലും അറിയാതെ സ്ത്രീകൾ ആശുപത്രിയിൽ എത്തുന്നുവെന്ന വിവരം എഫ്ബിഐയ്ക്ക് ലഭിച്ചതോടെയാണ് കേസ് പുറത്തുവന്നത്.

2010 മുതൽ 2019 വരെ ഈ ആശുപത്രിയിൽ ഇത്തരം അവസ്ഥകൾ തുടർന്നിരുന്നു. 2019ൽ പെർവൈസ് അറസ്റ്റിലായതോടെ ആശുപത്രി അദ്ദേഹത്തിൽ നിന്ന് അകലം പാലിക്കുകയും, അദ്ദേഹത്തിന്റെ ദുഷ്പ്രവൃത്തികളെക്കുറിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തു. 2020ൽ പെർവൈസിന്റെ മെഡിക്കൽ ലൈസൻസ് റദ്ദാക്കി. 2021ലാണ് അദ്ദേഹത്തിന് 59 വർഷം തടവ് ശിക്ഷ വിധിച്ചത്.

Former Dr. Javaid Pervaiz’s Unnecessary Surgeries: More than 500 Women Sue Virginia Hospital, Seeking $10 Million for Each Plaintiff

More Stories from this section

family-dental
witywide