ഇടതുപക്ഷത്ത് നിന്ന് കാരാട്ട് റസാഖ് ലീഗിലേക്ക് തന്നെ മടങ്ങുന്നു; പാണക്കാട് വീട്ടിലെത്തി ഇന്ന് വീണ്ടും ലീഗ് അംഗത്വം സ്വീകരിക്കും

മലപ്പുറം: എൽഡിഎഫിൻ്റെ എംഎല്‍എയായിരുന്ന കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് തന്നെ മടങ്ങുന്നു. പാണക്കാട് വീട്ടിലെത്തി ഇന്ന് വീണ്ടും റസാഖ് ലീഗ് അംഗത്വം സ്വീകരിക്കും. നേരത്തെ ലീഗ് വിട്ട കാരാട്ട് റസാഖ് 2016 ല്‍ സിപിഎം പിന്തുണയോടെ ഇടതു സ്വതന്ത്രനായി നിയമസഭയിലേക്ക് വിജയിച്ചിരുന്നു. നിലവിൽ മദ്രസ ബോർഡ് ചെയർമാനാണ് കാരാട്ട് റസാഖ്. ഇടതുപക്ഷത്ത് ഏതാനും നാളുകളായി കടുത്ത അതൃപ്തിയിലായിരുന്ന കാരാട്ട് റസാഖ് തുടര്‍ന്ന് ലീഗിലേക്ക് തിരിച്ചുപോകാനായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു.

വഞ്ചന ഇങ്ങോട് കാണിച്ചാൽ തിരിച്ചും കാണിക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ എൽഡിഎഫ് വഞ്ചിച്ചു.അതുകൊണ്ടാണ് വിജയിക്കുന്ന സാഹചര്യമായിട്ടും പരാജയപ്പെട്ടത്. അതിന് ശേഷവും വഞ്ചന മാത്രമാണ് എൽഡിഎഫ് കാണിച്ചിട്ടുള്ളത്. തന്നെ തിരിച്ചുകൊണ്ടുവരാൻ ചർച്ചയ്ക്ക് മുന്നിൽ നിന്നത് ലീഗ് തന്നെയാണ്. ഇന്നലെ രാത്രിയിലാണ് തീരുമാനത്തിലേക്ക് എത്തിയതെന്നും ഇന്ന് മുതൽ യുഡിഎഫിന്റെ പ്രചാരണത്തിൽ സജീവമാകുമെന്നും റസാഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇടതുമുന്നണിയുമായി നേരത്തെയും കാരാട്ട് റസാഖിന് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. മന്ത്രിയെന്ന നിലയിൽ പി.എ മുഹമ്മദ് റിയാസിനെ അം​ഗീകരിക്കാനാവില്ലെന്ന് റസാഖ് പലപ്പോഴും തുറന്നടിച്ചിരുന്നു. പല പദ്ധതികളും റിയാസ് അട്ടിമറിച്ചെന്നും പല തവണ അദ്ദേഹത്തെ സമീപിച്ചിട്ടും അവഗണിക്കുക മാത്രമാണുണ്ടായതെന്നും റസാഖ് ആരോപിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശിക്കെതിരെയും കാരാട്ട് റസാഖ് രം​ഗത്തെത്തിയിരുന്നു.

2016 വരെ മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമായിരുന്നു കൊടുവള്ളി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ലീഗ് മണ്ഡലം സെക്രട്ടറിയുമായിരുന്ന കാരാട്ട് റസാഖ് 2016 ല്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ഇടതുപക്ഷത്തേക്ക് പോയത്. അന്ന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കൂറുമാറ്റം. തുടര്‍ന്ന് 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണയോടെ ഇടതു സ്വതന്ത്രനായി മത്സരിച്ചു. ലീഗിന്റെ സ്ഥാനാര്‍ത്ഥി എംഎ റസാഖിനെ 571 വോട്ടുകള്‍ക്കാണ് കാരാട്ട് റസാഖ് പരാജയപ്പെടുത്തിയത്. 2021 ല്‍ എം കെ മുനീറിനോട് കാരാട്ട് റസാഖ് പരാജയപ്പെട്ടു.

Former Left MLA Karat Razack returns to the League from the Left; will return to his Panakkad home and accept League membership again today

More Stories from this section

family-dental
witywide