
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മൂന്ന് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രിയും മുൻ എം.എൽ.എയുമായ ആൻ്റണി രാജു സമർപ്പിച്ച അപ്പീൽ ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു.
അപ്പീൽ ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിനായി കോടതി ഫെബ്രുവരി 2-ലേക്ക് മാറ്റി വെച്ചിട്ടുണ്ട്. 1990-ലെ ലഹരിക്കടത്ത് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ജനുവരി 3-നാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആൻ്റണി രാജുവിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. ശിക്ഷാവിധി വന്നതിനെത്തുടർന്ന് ജനപ്രാതിനിധ്യ നിയമപ്രകാരം ആൻ്റണി രാജുവിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.
മജിസ്‌ട്രേറ്റ് കോടതി വിധി വസ്തുതകൾ പരിശോധിക്കാതെയാണെന്നും, കേസിൽ വിധി വരാനുണ്ടായ 36 വർഷത്തെ കാലതാമസം തൻ്റെ പ്രതിരോധത്തെ ദോഷകരമായി ബാധിച്ചുവെന്നുമാണ് അപ്പീലിലെ പ്രധാന വാദം.
Former minister Antony Raju’s appeal seeking cancellation of prison sentence accepted by the appeal court












