
മലപ്പുറം : പോക്സോ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തിയിരുന്ന മോട്ടിവേഷണൽ സ്പീക്കറും മുൻ സബ് ഇൻസ്‌പെക്ടറുമായ ഫിലിപ്പ് മമ്പാടിനെയാണ് പോക്സോ (POCSO) കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് മലപ്പുറം നിലമ്പൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ സെപ്റ്റംബറിൽ കാസർകോട് കാഞ്ഞങ്ങാട്ടെ ഒരു ലോഡ്ജിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കൗൺസിലിംഗിനായി വീട്ടുകാരുടെ സമ്മതത്തോടെ ഇയാളുടെ കൂടെ വിട്ട പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയതെന്നാണ് റിപ്പോർട്ട്. ചൈൽഡ് ലൈൻ വഴി ലഭിച്ച പരാതിയെ തുടർന്ന് കോഴിക്കോട് ചേവായൂർ പൊലീസാണ് ആദ്യം കേസെടുത്തത്. പിന്നീട് ഇത് നിലമ്പൂർ പൊലീസിന് കൈമാറുകയായിരുന്നു.
കേരള പൊലീസിൽ സബ് ഇൻസ്‌പെക്ടറായിരുന്ന ഫിലിപ്പ് മമ്പാട്, സർവീസിൽ നിന്ന് വോളണ്ടറി റിട്ടയർമെന്റ് (VRS) എടുത്ത ശേഷമാണ് മോട്ടിവേഷണൽ സ്പീക്കറായി പ്രവർത്തിച്ചു തുടങ്ങിയത്.
Former police officer who conducted anti-drug awareness classes for students arrested in POCSO case














