
സോൾ: മുൻ പ്രസിഡന്റ് യൂൻ സൂക് യോളിനെതിരെ ജീവപര്യന്തം ശിക്ഷവിധിച്ച് ദക്ഷിണ കൊറിയൻ കോടതി . സൈനികഭരണം അടിച്ചേൽപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിനും കലാപ ആഹ്വാനത്തിനുമാണ് ശിക്ഷ. 2024 ഡിസംബറിലാണ് ഒരു ടെലിവിഷൻ പ്രസംഗത്തിൽ യൂൻ അപ്രതീക്ഷിതമായി സൈനികനിയമം പ്രഖ്യാപിക്കുന്നത്. ‘രാഷ്ട്രവിരുദ്ധ ശക്തികളെ’ വേരോടെ പിഴുതെറിയാൻ അടിയന്തര നടപടികൾ ആവശ്യമാണെന്ന് അന്ന് അദ്ദേഹം പറഞ്ഞു. കടുത്ത യാഥാസ്ഥിതികനായ, 65 വയസ്സുള്ള യൂനിനെ പിന്നീട് പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും കലാപം മുതൽ നീതിനിഷേധം വരെയുള്ള നിരവധി കുറ്റങ്ങളിൽ പ്രതിചേർക്കുകയും ചെയ്തു. കലാപക്കുറ്റങ്ങളിൽ ഏറ്റവും കഠിനമായ ശിക്ഷയാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ജനുവരിയിലെ വാദത്തിനിടെ യൂനിനെ വധശിക്ഷക്ക് വിധിക്കണമെന്ന് സോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.













