പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് മരണം; 14 പേരുടെ നില ഗുരുതരം, കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നു, അമോണിയ വാതകച്ചോർച്ചയിൽ പരിഭ്രാന്തി

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുണ്ടായ വൻ അപകടത്തിൽ നാല് തൊഴിലാളികൾ കൊല്ലപ്പെട്ടു. ചന്ദാപൂർ ഗ്രാമത്തിലെ ഒരു കോൾഡ് സ്റ്റോറേജ് കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ 14 പേർക്കാണ് പരുക്കേറ്റത്. ഇവരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കെട്ടിടം തകർന്നതിന് പിന്നാലെ വൻതോതിൽ അമോണിയ വാതകം ചോർന്നത് പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.

ബീഹാർ സ്വദേശികളായ ജ്യോവിഷ് കുമാർ (22), മനോജ് (36), മസീന്ദർ കുമാർ (19), ചന്ദാപൂർ സ്വദേശിയായ ജഗദീഷ് കുമാർ (42) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ എസ്.ആർ.എൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിളവെടുപ്പ് കാലമായതിനാൽ, മുപ്പത് വർഷം പഴക്കമുള്ള ഈ കെട്ടിടത്തിൽ പൂർണ്ണ ശേഷിയിലും ഉരുളക്കിഴങ്ങ് നിറച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ ഏകദേശം 110 തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഉച്ചഭക്ഷണ സമയത്താണ് അപകടം നടന്നത് എന്നതിനാൽ പലരും പുറത്തായിരുന്നു. തകർച്ചയുടെ സമയത്ത് എത്രപേർ ഉള്ളിലുണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ചില തൊഴിലാളികളുടെ മൊഴി പ്രകാരം 30 മുതൽ 40 വരെ ആളുകൾ അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. ഇവരിലധികവും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഉച്ചയ്ക്ക് 2:30-ഓടെയാണ് കെട്ടിടം പെട്ടെന്ന് തകർന്നു വീണതെന്ന് ഡി.സി.പി ഗുണാവത് സ്ഥിരീകരിച്ചു. സംസ്ഥാന ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന , അഗ്നിശമന സേന എന്നിവർ ഉടൻ സ്ഥലത്തെത്തി വൻതോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അഞ്ച് ജെ.സി.ബി യന്ത്രങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും ഡി.സി.പി പറഞ്ഞു.

അപകടത്തിന് പിന്നാലെ ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് കുമാർ വർമ്മ, പൊലീസ് കമ്മീഷണർ ജോഗീന്ദർ കുമാർ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി.

ഏകദേശം 60 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ കോൾഡ് സ്റ്റോറേജ് മുൻ സമാജ്‌വാദി പാർട്ടി എം.എൽ.എ അൻസാർ അഹമ്മദിന്റേതാണെന്ന് റിപ്പോർട്ടുണ്ട്. ഇവിടെ ജോലി ചെയ്തിരുന്ന ഭൂരിഭാഗം തൊഴിലാളികളും ബിഹാറിലെ സഹർസ ജില്ലയിൽ നിന്നുള്ളവരാണ്. 2 ലക്ഷം ചാക്ക് ഉരുളക്കിഴങ്ങ് സൂക്ഷിക്കാൻ ശേഷിയുള്ള ഇവിടെ അപകടസമയത്ത് 1.85 ലക്ഷം ചാക്കുകൾ ഉണ്ടായിരുന്നുവെന്നും ബാക്കിയുള്ളവ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഉള്ളിലേക്ക് മാറ്റാനിരിക്കുകയായിരുന്നുവെന്നും ഒരു തൊഴിലാളി പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായി കോൾഡ് സ്റ്റോറേജ് മാനേജരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ജീർണ്ണാവസ്ഥയിലായിരുന്ന കെട്ടിടത്തിന് എങ്ങനെ ലൈസൻസ് ലഭിച്ചു എന്നതിനെക്കുറിച്ച് കർശനമായ അന്വേഷണം നടത്തുമെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചു. വാതകച്ചോർച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ അഗ്നിശമന സേന തുടരുകയാണ്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം രേഖപ്പെടുത്തി.

“ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ അതീവ ദുഃഖമുണ്ട്. ഈ പ്രയാസകരമായ ഘട്ടത്തിൽ എന്റെ ചിന്തകൾ ബാധിക്കപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ,” പ്രധാനമന്ത്രി മോദി എക്സിലെ കുറിപ്പിൽ പറഞ്ഞു.

ഹിന്ദിയിലുള്ള എക്സ് പോസ്റ്റിലൂടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് “പ്രയാഗ്‌രാജ് ജില്ലയിലെ കോൾഡ് സ്റ്റോറേജിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദൗർഭാഗ്യകരവും ഹൃദയഭേദകവുമാണ്. മരിച്ചവരുടെ കുടുംബങ്ങളോട് എന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു.” എന്ന് കുറിച്ചു.

“ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകാൻ ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കുന്നതിനായി അവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Four dead in cold storage collapse in Prayagraj; panic over ammonia gas leak

More Stories from this section

family-dental
witywide