അമേരിക്കയിൽ വസ്ത്രത്തിൽ അബദ്ധത്തിൽ മൂത്രമൊഴിച്ചതിന് നാലു വയസ്സുകാരിയോട് കൊടുംക്രൂരത; പിതാവിനും കാമുകിക്കുമെതിരെ കേസെടുത്തു

അമേരിക്കയിലെ കാൻസസിലെ മക്ഫെർസണിൽ വസ്ത്രത്തിൽ അബദ്ധത്തിൽ മൂത്രമൊഴിച്ചതിന് നാലു വയസ്സുകാരിയോട് കൊടുംക്രൂരത. വസ്ത്രത്തിൽ മൂത്രമൊഴിച്ചതിന് ശിക്ഷയായി മൈനസ് ഡിഗ്രി സെൽഷ്യസില്‍ കൊടും തണുപ്പിൽ കുട്ടിയെ വീടിന് പുറത്ത് നിർത്തി. സംഭവത്തിൽ കുട്ടിയുടെ പിതാവ് ബ്രാഡി ബർ (26) ഇയാളുടെ കാമുകി ആബി ബ്രാഡ്സ്ട്രീറ്റ് (36) എന്നിവർക്കെതിരെ കേസെടുത്തു.

അമ്മയോടൊപ്പം സലീനയിൽ താമസിക്കുന്ന കുട്ടി മക്ഫെർസണിലുള്ള പിതാവിന്റെ വീട്ടിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് ക്രൂരതയ്ക്ക് ഇരയായത്. ഡിസംബർ ഏഴിന് ഇവർ വീടിന് പുറത്ത് ക്രിസ്മസ് അലങ്കാരങ്ങൾ ചെയ്യുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ വസ്ത്രത്തിൽ മൂത്രമൊഴിച്ചത്. ഇതിൽ ദേഷ്യം പിടിച്ച ഇരുവരും കുട്ടിയെ തടി കൊണ്ടുള്ള തവി ഉപയോഗിച്ച് അടിക്കുകയും പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ തണുപ്പുള്ള സമയത്ത് വസ്ത്രങ്ങൾ മാറ്റി അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഒരു മണിക്കൂറിലധികം തണുപ്പത്ത് പുറത്ത് നിർത്തുകയുമായിരുന്നു.

പിന്നീട് കുട്ടി അമ്മയുടെ അടുത്ത് തിരികെ എത്തിയപ്പോഴാണ് ക്രൂരത പുറംലോകമറിയുന്നത്. ക്രിസ്മസ് ട്രീ ഒരുക്കുമ്പോൾ തനിക്ക് അതിന് യോഗ്യതയില്ലെന്ന് പറഞ്ഞ് പിതാവ് മർദ്ദിച്ചതായും ക്രിസ്മസ് ട്രീ അലങ്കരിക്കുമ്പോൾ അതിൽ പങ്കുചേരാൻ അനുവദിച്ചില്ലെന്നും കുട്ടി വെളിപ്പെടുത്തി. ഏകദേശം 50 മിനിറ്റോളം കുട്ടിയെ തണുപ്പിൽ നിർത്തിയതായി കുട്ടിയുടെ സഹോദരനും മൊഴി നൽകി.

ഡിസംബർ 8ന് വിവരമറിഞ്ഞെത്തിയ മക്ഫെർസൺ കൗണ്ടി പൊലീസ് കുട്ടിയുടെ ശരീരത്തിൽ തവി കൊണ്ടുള്ള മർദ്ദനമേറ്റ് നീലിച്ച പാടുകൾ കണ്ടെത്തി. പ്രതികൾക്കെതിരെ ബാല പീഡനം, കുട്ടികളെ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. നിലവിൽ അറസ്റ്റിലായ പ്രതികൾ ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.

Four-year-old girl brutalized for accidentally urinating on her clothes in America; A case was registered against the father and his girlfriend

More Stories from this section

family-dental
witywide