ശതകോടീശ്വരനായ ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും യുഎസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ (എസ്ഇസി) എടുത്ത കൈക്കൂലിക്കേസിന്മേൽ 14 മാസത്തിന് ശേഷം ആദ്യമായി കോടതിയിൽ ഹർജി സമർപ്പിച്ചു. സമൻസ് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് തയ്യാറാണെന്ന സൂചനയാണ് ഇതിലൂടെ നൽകുന്നത്.
ജനുവരി 23-ന് ന്യൂയോർക്ക് ഫെഡറൽ കോടതിയിലെ ജഡ്ജിക്ക് അയച്ച കത്തിൽ, അദാനികളെ പ്രതിനിധീകരിക്കുന്ന സുല്ലിവൻ & ക്രോംവെൽ എൽഎൽപി, സമൻസ് കൈമാറുന്ന വിഷയത്തിൽ എസ്‌ഇസിയുമായി ധാരണയിലെത്താനുള്ള ചർച്ചകൾ നടക്കുകയാണെന്ന് അറിയിച്ചു. ചർച്ചകൾ തുടരുന്നതിനാൽ കോടതിയുടെ തീരുമാനം മാറ്റിവയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
ഇന്ത്യൻ സർക്കാർ രണ്ടുതവണ സമൻസ് കൈമാറാൻ വിസമ്മതിച്ചതിന് പിന്നാലെ, ഇമെയിൽ വഴിയും അദാനികളുടെ അമേരിക്കൻ അഭിഭാഷകരിലൂടെയും സമൻസ് നൽകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് എസ്‌ഇസി കോടതിയെ സമീപിച്ചിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് അദാനികളുടെ ഭാഗത്ത് നിന്നുള്ള ഈ നീക്കം.
അന്താരാഷ്ട്ര നിയമമായ ഹേഗ് കൺവെൻഷൻ പ്രകാരം സമൻസ് കൈമാറണമെന്ന എസ്‌ഇസിയുടെ അപേക്ഷ ഇന്ത്യയിലെ നിയമ മന്ത്രാലയം ആദ്യം മേയ് മാസത്തിൽ നിരസിച്ചു. രേഖകളിൽ ഒപ്പും ഔദ്യോഗിക മുദ്രയും ഇല്ലെന്നായിരുന്നു വിശദീകരണം. തുടർന്ന് ഡിസംബറിൽ, എസ്‌ഇസിയുടെ ആഭ്യന്തര ചട്ടം ചൂണ്ടിക്കാട്ടി സമൻസ് ബാധകമല്ലെന്നും മന്ത്രാലയം അറിയിച്ചു.
ഈ നിലപാടുകൾ അടിസ്ഥാനരഹിതമാണെന്നും റെഗുലേറ്ററുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും എസ്‌ഇസി കോടതിയിൽ വാദിച്ചു. ഇതിനിടെ, എസ്‌ഇസിയുടെ ഹർജിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ, വെള്ളിയാഴ്ച അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ 3.4 ശതമാനം മുതൽ 14.54 ശതമാനം വരെ ഇടിഞ്ഞിരുന്നു.
2024 നവംബർ 20-നാണ്, 750 ദശലക്ഷം ഡോളർ മൂല്യമുള്ള ബോണ്ട് ഓഫറുമായി ബന്ധപ്പെട്ട് യുഎസ് നിക്ഷേപകരിൽ നിന്ന് 175 ദശലക്ഷം ഡോളറിലധികം സമാഹരിച്ച ഇടപാടിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് എസ്‌ഇസി അദാനികൾക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്തത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹേഗ് കൺവെൻഷൻ പ്രകാരം സമൻസ് കൈമാറുന്നതിനായി ഫെബ്രുവരി 17-ന് എസ്‌ഇസി ഇന്ത്യയിലെ നിയമ മന്ത്രാലയത്തിന് ഔദ്യോഗിക അപേക്ഷ നൽകിയിരുന്നു. എന്നാൽ മേയ് 1-ന്, കവർ ലെറ്ററിൽ ഒപ്പില്ലെന്നും ഹേഗ് കൺവെൻഷൻ ഫോമുകളിൽ ഔദ്യോഗിക മുദ്രയില്ലെന്നും ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു.
ഹേഗ് കൺവെൻഷനിൽ ഒപ്പോ മുദ്രയോ നിർബന്ധമല്ലെന്ന് വ്യക്തമാക്കി എസ്‌ഇസി മേയ് 27-ന് അപേക്ഷ വീണ്ടും സമർപ്പിച്ചു. മറ്റ് രാജ്യങ്ങളിൽ ഇത്തരം അപേക്ഷകൾ സാധാരണയായി എതിർപ്പില്ലാതെ അംഗീകരിക്കപ്പെടാറുണ്ടെന്നും എസ്‌ഇസി അറിയിച്ചു. എന്നാൽ ഡിസംബർ 14-ന്, എസ്‌ഇസിയുടെ ആഭ്യന്തര ചട്ടമായ റൂൾ 5(b)യുടെ പരിധിയിൽ സമൻസ് ഉൾപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രാലയം വീണ്ടും എതിർപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സമൻസ് തിരികെ അയച്ചതായും ഇന്ത്യൻ നിയമപ്രകാരം മറ്റ് മാർഗങ്ങളില്ലെന്ന സാഹചര്യത്തിൽ, ഹേഗ് കൺവെൻഷൻ വഴി സമൻസ് കൈമാറാൻ സാധിക്കില്ലെന്നും എസ്‌ഇസി കോടതിയെ അറിയിച്ചിരുന്നു.
Fourteen months after US securities regulators filed fraud charges against billionaire Gautam Adani and his nephew Sagar Adani, lawyers representing the Indian executives made their first filing in court this week










