കാൽനൂറ്റാണ്ട് അമേരിക്കയിലെ വിശ്വാസികൾക്കായി സേവനം ചെയ്തതിനുള്ള ആദരം, ‘ഫാദർ ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷൻ’ ഉദ്ഘാടനം ചെയ്തു; കാരുണ്യ സ്മരണ നിലനിൽക്കും

അമേരിക്കയിലെ സിറോ മലബാർ വിശ്വാസികൾക്കായി കാൽ നൂറ്റാണ്ടുകാലം സേവനം ചെയ്ത റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ സ്മരണാർത്ഥം രൂപീകരിച്ച ‘ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷൻ’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചിക്കാഗോ സിറോ മലബാർ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ടാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ജോസച്ചന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ നടന്ന അനുസ്മരണ ചടങ്ങിലാണ് ഫൗണ്ടേഷന്റെ പ്രഖ്യാപനം ഉണ്ടായത്.

നാട്ടിലും അമേരിക്കയിലും വിശ്വാസ സമൂഹത്തിന്റെ വളർച്ചയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ജോസച്ചന്റെ മാതൃക വരുംതലമുറയ്ക്ക് പ്രചോദനമാണെന്ന് മാർ ജോയ് ആലപ്പാട്ട് പറഞ്ഞു. ഫൗണ്ടേഷൻ ലക്ഷ്യമിടുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വലിയ ആശ്വാസമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ബ്രോങ്ക്സ് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാനയുടെയും മറ്റ് വൈദികരുടെയും നേതൃത്വത്തിൽ നടന്ന അനുസ്മരണ ബലിയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.

ദൈവവിളികൾ പ്രോത്സാഹിപ്പിക്കുക, വൈദിക വിദ്യാർത്ഥികൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും പഠന സഹായം എത്തിക്കുക, വൃക്ക രോഗികൾക്ക് ചികിത്സാ സഹായം നൽകുക എന്നിവയാണ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങൾ. ഷോളി കുമ്പിളുവേലി ചെയർമാനായും ബിജു കാപ്പുകാട്ട് സെക്രട്ടറിയായും ജോസഫ് കാഞ്ഞമല ട്രഷററായും പ്രവർത്തിക്കുന്ന ഫൗണ്ടേഷനിൽ പ്രമുഖരായ വ്യക്തികൾ ഡയറക്ടർ ബോർഡ് അംഗങ്ങളാണ്. 501(C)(3) സ്റ്റാറ്റസോടെ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ സംഘടന വരും വർഷങ്ങളിലും വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷനെപ്പറ്റി കൂടുതൽ അറിയുവാനും സഹകരിക്കാനും താത്പര്യമുള്ളർ താഴെ പറയുന്നവരെ
ബന്ധപ്പെടുക:

ഷോളി കുമ്പിളുവേലി – 914 330 6340
ബിജു കാപ്പുകാട്ട് – 804 550 8494
ജോസഫ് കാഞ്ഞമല – 917 596 2119

More Stories from this section

family-dental
witywide