ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കണമെന്നും ഹോർമുസിൽ ബഹുരാഷ്ട്ര ദൗത്യം നടത്തുമെന്നും ഫ്രാൻസ്. യു കെയുമായി ചേർന്നായിരിക്കും ബഹുരാഷ്ട്ര ദൗത്യം നടത്തുകയെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ച ഉടൻ ആരംഭിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. എന്നാൽ, ഹോർമുസ് കടലിടുക്കിൽ അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തെ യു കെ പിന്തുണയ്ക്കില്ലെന്ന് സ്റ്റാർമർ അറിയിച്ചു. എന്ത് സമ്മർദ്ദം ചെലുത്തിയാലും ഇറാനെതിരായ യുദ്ധത്തിലേക്ക് ബ്രിട്ടനെ വലിച്ചിഴയ്ക്കരുത്. ഹോർമുസ് കടലിടുക്ക് ഉപരോധിക്കുന്നതിനെ പിന്തുണയ്ക്കില്ല. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കണമെന്ന് തന്നെയാണ് ആവശ്യമെന്നും അതിനുള്ള ശ്രമം തുടരുമെന്നും സ്റ്റാർമർ പറഞ്ഞു.
അതേസമയം, ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് ഉപരോധം ആരംഭിക്കാനിരിക്കെ ഹോർമുസിലൂടെ ഇറാൻ ചരക്ക് നീക്കം വേഗത്തിലാക്കി. ഇറാന്റെ രണ്ട് എണ്ണ ടാങ്കറുകൾ ഗൾഫിൽ നിന്ന് ഹോർമുസ് വഴി പുറത്തുകടന്നു. ന്യൂ ഫ്യൂച്ചർ, ഓറോറ എന്നീ എണ്ണ ടാങ്കറുകളാണ് ഹോർമുസ് കടന്നത്. ഇന്ത്യൻ സമയം രാത്രി 7.30 നാണ് ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് ഉപരോധം ആരംഭിക്കുന്നത്. ഇസ്ലാമാബാദിൽ നടന്ന സമാധാനചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കാൻ അമേരിക്ക നീക്കം തുടങ്ങിയത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നാവികസേനാ കപ്പലുകൾ ഉപയോഗിച്ച് തടയുമെന്ന് അമേരിക്ക വ്യക്തമാക്കി.
ഇറാൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യുന്ന എല്ലാ സമുദ്രഗതാഗതത്തിനും ഉപരോധം ബാധകമാകും. നാവിക സേനാകപ്പലുകൾ എത്തിയാൽ വെടിനിർത്തൽ ലംഘനമായി കണക്കാക്കുമെന്നും ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നുമാണ് ഇറാന്റെ പ്രതികരണം. ഇതിനിടെ വെടിനിർത്തലിൽ മധ്യസ്ഥതക്ക് റഷ്യ സന്നദ്ധത അറിയിച്ചു. സമ്പൂർണ ഉപരോധം വന്നാൽ ഇറക്കുമതിയെ ബാധിക്കുമെന്നതിനാൽ ഇന്ത്യ സൈനിക നീക്കത്തിൽ പങ്കാളിയാകില്ല. സ്വതന്ത്ര കപ്പൽ നീക്കം തടസ്സപ്പെടരുതെന്ന് നിലപാടാണ് ഇന്ത്യയുടേത്. ഹോർമുസിൽ കപ്പൽ ഗതാഗതം നിലച്ചതോടെ ആഗോള വിപണിയിൽ വീണ്ടും എണ്ണവില ഉയർന്നു.
France wants to ensure safe passage of goods through Hormuz; Starmer says Britain should not be dragged into war











