
വാഷിംഗ്ടൺ/സിംഗപ്പൂർ: മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ഏഷ്യൻ രാജ്യങ്ങൾ കടുത്ത ഇന്ധനക്ഷാമത്തിലേക്ക് നീങ്ങുന്നു. ഇതോടെ ഏഷ്യൻ രാജ്യങ്ങൾ അമേരിക്കൻ എണ്ണയെയും പ്രകൃതിവാതകത്തെയും ( എൽഎൻജി ) വലിയ തോതിൽ ആശ്രയിച്ചു തുടങ്ങിയിരിക്കുകയാണ്. മാർക്കറ്റ് പ്രൈസിംഗ് ഏജൻസിയായ ആർഗസ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം, ഏഷ്യയിലേക്കുള്ള അമേരിക്കൻ ക്രൂഡ് ഓയിൽ വിലയിൽ 47 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ബാരലിന് 115 ഡോളറാണ് വില.
അമേരിക്കയിൽ നിന്നുള്ള എൽഎൻജി കയറ്റുകൂലി നാലിരട്ടിയായി വർദ്ധിച്ചു. യൂറോപ്പിലേക്ക് പോകേണ്ടിയിരുന്ന നാല് വലിയ വാതകക്കപ്പലുകൾ ഇതിനകം ഏഷ്യൻ തീരങ്ങളിലേക്ക് തിരിച്ചുവിട്ടു.
യുദ്ധം ആരംഭിച്ച ശേഷം അമേരിക്കയിൽ നിന്ന് മാത്രം 90 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങാൻ ജപ്പാൻ തീരുമാനിച്ചു. എന്നാൽ ഉയർന്ന പ്രീമിയം തുക നൽകേണ്ടി വരുന്നതിനാൽ മറ്റ് ഏഷ്യൻ രാജ്യങ്ങൾ നിലവിൽ വിപണി നിരീക്ഷിക്കുകയാണെന്ന് ആർഗസ് മീഡിയ ഏഷ്യൻ വിഭാഗം മേധാവി ഫാബിയൻ എൻജി പറഞ്ഞു.
ഏഷ്യയിലേക്കുള്ള ഇന്ധന വിതരണത്തിൻ്റെ 80 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് യുദ്ധസമാനമായ സാഹചര്യത്തിലാണ്. അവിടെ സ്ഥാപിച്ച 16 ഇറാനിയൻ മൈനുകൾ അമേരിക്കൻ സൈന്യം തകർത്തു. മൈനുകൾ സ്ഥാപിക്കുന്നതിനെതിരെ ഇറാനു പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്തോനേഷ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഏതാനും ആഴ്ചത്തേക്കുള്ള ഇന്ധനശേഖരം മാത്രമേ അവശേഷിക്കുന്നുള്ളൂ. എന്നാൽ ലോകവിപണിയിലുണ്ടായ ഈ വലിയ കുറവ് പരിഹരിക്കാനുള്ള ഉൽപ്പാദനശേഷി നിലവിൽ അമേരിക്കയ്ക്കില്ലെന്ന് റിസർച്ച് സ്ഥാപനമായ എനർജി ആസ്പെക്ട്സ് വിലയിരുത്തുന്നു.
നിലവിലെ സാഹചര്യം മറികടക്കാൻ വ്യവസായങ്ങൾക്കും മറ്റും ഇന്ധന നിയന്ത്രണം ഏർപ്പെടുത്തിയും ശേഖരിച്ചുവെച്ച ഇന്ധനം ഉപയോഗിച്ചുമാണ് പല ഏഷ്യൻ രാജ്യങ്ങളും മുന്നോട്ട് പോകുന്നതെന്ന് എനർജി ആസ്പെക്ട്സ് ഗ്ലോബൽ ഗ്യാസ് മേധാവി ലിവിയ ഗല്ലാരതി പറഞ്ഞു.
Fuel crisis: Asian countries eye US energy market; huge increase in prices















