പറഞ്ഞത് പാലിക്കുന്നതാണ് കേരളത്തിന്റെ ‘ന്യൂ നോർമൽ’; സ്വപ്നങ്ങൾക്ക് കരുത്തേകുന്ന ബജറ്റെന്ന് മുഖ്യമന്ത്രി

നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുക എന്നത് കേരളത്തിന്റെ പുതിയ ശൈലിയാണെന്നും (ന്യൂ നോർമൽ) സ്വപ്നങ്ങൾക്ക് കരുത്തേകുന്ന ജനകീയ ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ആധുനികവും വികസിതവുമായ മധ്യവരുമാന സമൂഹമായി ഉയർത്താനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ പത്ത് വർഷത്തെ പരിശ്രമങ്ങളുടെ തുടർച്ചയാണിതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തൊഴിലാളികൾ, കർഷകർ, മധ്യവർഗക്കാർ, സർക്കാർ ജീവനക്കാർ, വ്യാപാരികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്വാസം പകരുന്നതാണ് ഈ ബജറ്റെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിന്റെ ഫെഡറൽ വിരുദ്ധ നയങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കെതിരെയുള്ള കടന്നാക്രമണങ്ങൾക്കും കേരളം നൽകുന്ന ശക്തമായ രാഷ്ട്രീയ മറുപടിയാണ് ഈ ബജറ്റെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ കേരളം നടത്തുന്ന ധീരമായ ചെറുത്തുനിൽപ്പിന്റെ രേഖപ്പെടുത്തൽ കൂടിയാണിത്. വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ മുൻഗണന നൽകുന്നതിലൂടെ നവകേരള നിർമ്മിതിയിൽ ബജറ്റ് ഒരു നിർണ്ണായക നാഴികക്കല്ലാകുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സർവ്വ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നൽകുന്ന ജനകീയ ബജറ്റാണ് ധനമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത്. ആധുനികവും വികസിതവുമായ മധ്യവരുമാന സമൂഹമായി കേരളത്തെ മാറ്റാനാണ് എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തുവർഷമായി പരിശ്രമിക്കുന്നത്. 2022 ലെ 14-ാം പഞ്ചവത്സര പദ്ധതിയിലാണ് ഈ ലക്ഷ്യം നാം നിർവ്വചിച്ചത്. ഇത്തരത്തിലുള്ള മധ്യവരുമാന സമൂഹം രണ്ടു കാലിലാണ് നിൽക്കേണ്ടത്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന നിർദ്ദേശക തത്വങ്ങൾക്കനുസൃതമായി ജനങ്ങൾക്കുവേണ്ടിയുള്ള ക്ഷേമ രാഷ്ട്രം നിർമ്മിക്കുക എന്നതാണ് അതിലൊന്നാമത്തേത്. സാമ്പത്തികവളർച്ച ത്വരിതപ്പെടുത്തുന്നതിനായി മൂലധന നിക്ഷേപവും പശ്ചാത്തല സൗകര്യവും വർദ്ധിപ്പിച്ച് വികസിപ്പിക്കുക എന്നതാണ് രണ്ടാമത്തേത്. ഈ രണ്ടു ലക്ഷ്യങ്ങളിലേക്കും കേരളം അതിവേഗം നടന്നുകയറുന്നു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതോടൊപ്പം ഇന്നത്തെ ബജറ്റിൽ അവതരിപ്പിക്കപ്പെട്ട നിർദ്ദേശങ്ങൾ കൂടി വേഗത്തിൽ നടപ്പിലാക്കുന്നതോടെ സമഗ്രപുരോഗതി സംസ്ഥാനത്ത് സാധ്യമാകും.

കഴിഞ്ഞ പത്തുവർഷമായി നടപ്പാക്കാൻ കഴിയാത്തത് ഇപ്പോൾ ബജറ്റിൽ പ്രഖ്യാപിച്ചു എന്ന തരത്തിൽ ചില പ്രതികരണങ്ങൾ വരികയുണ്ടായി. ഏതോ നിരാശയിൽ നിന്നുമുടലെടുത്ത ബാലിശമായ ആരോപണം മാത്രമാണ് അത്. ഒരിക്കലും സാധ്യമല്ലെന്നു കരുതിയ പദ്ധതികൾ പലതും യാഥാർത്ഥ്യമായത് കഴിഞ്ഞ പത്തുവർഷംകൊണ്ടാണ്. ദേശീയപാതാ വികസനം മുതൽ വിഴിഞ്ഞം രണ്ടാംഘട്ടം വരെ ഉദാഹരണങ്ങളാണ്. കൺമുമ്പിലുള്ള ഇത്തരം യാഥാർത്ഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കാൻ ആർക്കും കഴിയില്ല.

വികസനം മാത്രമല്ല ക്ഷേമ പ്രവർത്തനങ്ങൾക്കും കഴിഞ്ഞ പത്തുവർഷം വലിയ പരിഗണനയാണ് നൽകിയത്. ഈ ബജറ്റിലും ക്ഷേമ പ്രവർത്തനങ്ങൾക്ക് അതേ പരിഗണന നൽകുന്നു. ബജറ്റിനു മുൻപുതന്നെ ആശാവർക്കർമാർക്ക് ആയിരം രൂപ ഓണറേറിയം വർദ്ധിപ്പിച്ചിരുന്നു. ഇപ്പോൾ ബജറ്റിൽ മറ്റൊരു ആയിരം കൂടി വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിനുപുറമെ അംഗനവാടി വർക്കർമാർ, പ്രീ പ്രൈമറി അദ്ധ്യാപകർ, സാക്ഷരതാ പ്രേരക്മാർ എന്നിവർക്കും ആയിരം രൂപാ വീതം പ്രതിമാസ വേതനം വർദ്ധിപ്പിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവശേഷിക്കുന്ന ഡിഎ, ഡിആർ ഗഡുക്കൾ പൂർണ്ണമായും നൽകാനാണ് ബജറ്റിലെ പ്രഖ്യാപനം. ഇതിൽ ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം ലഭ്യമാക്കും എന്നത് സർക്കാർ ജീവനക്കാർക്ക് ആശ്വാസം പകരുന്നതാണ്. പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരം അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ നടപ്പാക്കുകയാണ്. അതോടൊപ്പം ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിലും അഞ്ച് വർഷ തത്വം പാലിക്കുക എന്ന ഇടതുപക്ഷ സർക്കാരുകളുടെ നയം ഇവിടെയും പ്രാവർത്തികമാക്കിയിട്ടുണ്ട്. ക്ഷേമ പെൻഷൻ കുടിശിക പൂർണമായി കൊടുത്തു തീർക്കും എന്ന് 2024 ജൂലൈയിൽ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തിയിരുന്നതാണ്. അത് അടക്കമുള്ള വാഗ്ദാനങ്ങൾ നിറവേറ്റിക്കൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്.

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി 100 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള ചരിത്രപരമായ ഒരു പ്രഖ്യാപനവും ഈ ബജറ്റിലുണ്ട്. തൊഴിലുറപ്പ് പദ്ധതിക്ക് മുൻ വർഷങ്ങളിൽ നിന്നും അധികമായി ആയിരം കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഓട്ടോറിക്ഷ സ്റ്റാന്റുകൾ സ്മാർട്ടാക്കുന്നതിനും ഗിഗ് തൊഴിലാളികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടി ഗിഗ് ഹബ്ബുകൾ സ്ഥാപിക്കാനും ബജറ്റിൽ തുക വകയിരുത്തിയത് എല്ലാ വിഭാഗങ്ങളോടുമുള്ള സർക്കാരിന്റെ കരുതലിന്റെ ഉദാഹരണമാണ്. സർക്കാർ, എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെ ബിരുദ പഠനം സൗജന്യമാക്കിയതും ‘കണക്റ്റ് ടു വർക്ക്’ സ്‌കോളർഷിപ്പിനായി 400 കോടി രൂപ വകയിരുത്തിയതും വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകരായ യുവജനങ്ങൾക്കുമുള്ള സർക്കാരിന്റെ കൈത്താങ്ങാണ്.

ഇത്തരത്തിൽ തൊഴിലാളികൾ, കർഷകർ, മധ്യവർഗ്ഗം, സർക്കാർ ജീവനക്കാർ, വ്യാപാര വ്യവസായ സമൂഹം, എന്നിങ്ങനെ എല്ലാ മേഖലകളിലുള്ളവർക്കും ആശ്വാസം പകരുന്നതാണ് ഈ ബജറ്റ്. അതോടൊപ്പം, ഇന്ത്യൻ ഫെഡറലിസത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും നേരെ കേന്ദ്ര സർക്കാർ നടത്തിവരുന്ന കടന്നാക്രമണങ്ങൾക്കെതിരെയുള്ള ശക്തമായ രാഷ്ട്രീയ മറുപടി കൂടിയാണ് ഈ ബജറ്റിലൂടെ കേരളം നൽകുന്നത്. വായ്പാ പരിധികളിലെ അന്യായ നിയന്ത്രണങ്ങൾ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്നു. ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട നികുതി വിഹിതവും വിവിധ ഇനങ്ങളിലായി കേന്ദ്രം നൽകാനുള്ള കുടിശ്ശികയും ഉൾപ്പെടെ നിഷേധിക്കുന്ന നടപടികളും സംസ്ഥാനങ്ങളെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയാണ്. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരളം നടത്തിയ ചെറുത്തുനിൽപ്പിന്റെ രേഖപ്പെടുത്തൽ കൂടിയാണ് ഈ ബജറ്റ്.

More Stories from this section

family-dental
witywide