
ആലപ്പുഴ: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പ്രഖ്യാപനവുമായി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആറ് പതിറ്റാണ്ടിലേറെ നീണ്ട സി.പി.എം ബന്ധം അവസാനിപ്പിച്ചാണ് സുധാകരൻ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. പാർട്ടിയിലെ ഒരു വിഭാഗം തന്നെ നിരന്തരമായി വേട്ടയാടുകയാണെന്നും, വ്യക്തിഹത്യ നേരിടാൻ ജനകീയ കോടതിയിൽ വിധി തേടുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അമ്പലപ്പുഴയിലെ ചില പ്രാദേശിക നേതാക്കളും ജില്ലാ നേതൃത്വവും തന്നെയും കുടുംബത്തെയും അപമാനിക്കാൻ ശ്രമിച്ചതായും അതിന് ജനപിന്തുണയോടെ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എം അംഗത്വം പുതുക്കില്ലെന്നും കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സ്വതന്ത്രനായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. പാർട്ടിക്കുവേണ്ടി ജീവിച്ച ആളാണ് താൻ, പാർട്ടിയെ ആക്ഷേപിക്കാനില്ല. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടിനശിക്കും. സിപിഎമ്മിന്റെ ഏക ആയുധം രാഷ്ട്രീയമാണ്. പുസ്തകം വായിച്ചു നോക്കിയാലേ ഇതൊക്കെ അറിയാൻ കഴിയൂ എന്നും യുവാക്കളിൽ ആവേശം സൃഷ്ടിക്കുന്ന രാഷ്്ട്രീയ സമീപനം ഒരു പാർട്ടിക്കും ഇല്ലെന്നും സുധാകരൻ പറഞ്ഞു.
ദീർഘകാലം മണ്ഡലത്തെ പ്രതിനിധീകരിച്ച സുധാകരന്റെ സ്ഥാനാർത്ഥിത്വം ഇടത്-വലത് മുന്നണികൾക്ക് ഒരുപോലെ വെല്ലുവിളിയാകും. സുധാകരൻ്റെ വരവോടെ അമ്പലപ്പുഴയിൽ ഇത്തവണ ത്രികോണ പോരാട്ടത്തിനപ്പുറം ശക്തമായ വ്യക്തിപ്രഭാവ മത്സരം നടക്കുമെന്ന് ഉറപ്പായി. വികസന നായകനെന്ന പ്രതിച്ഛായയും മണ്ഡലത്തിലെ വ്യക്തിപരമായ സ്വാധീനവും തനിക്ക് തുണയാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജി. സുധാകരൻ.
താൻ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായിരിക്കുമെന്നും ആരുടെയും പിന്തുണയ്ക്ക് നിലവിൽ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ് ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
G. Sudhakaran becomes independent candidate in Ambalappuzha, fight will be tough















