
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും വെല്ലുവിളിച്ച് അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ. അമ്പലപ്പുഴയിൽ മത്സരിച്ച് ജയിക്കാൻ പിണറായി വിജയനും എം.വി. ഗോവിന്ദനും സാധിക്കുമോ എന്ന് ജി. സുധാകരൻ ചോദിച്ചു. കണ്ണൂരിൽ അഞ്ച് സീറ്റുകൾ സിപിഐഎം നേതാക്കൾക്ക് ജയിക്കാൻ വേണ്ടി സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വെല്ലുവിളി കേട്ട് വരേണ്ടതില്ലെന്നും, നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കി വെച്ച സീറ്റാണ് കണ്ണൂരിലേതെന്നും ജി. സുധാകരൻ പരിഹസിച്ചു.
സിപിഐഎമ്മിന് ആലപ്പുഴയിൽ ഇത്തവണ മൂന്ന് സീറ്റ് കിട്ടിയാൽ ഭാഗ്യമാണെന്നും, ചിലപ്പോൾ ഒന്നും കിട്ടില്ലെന്നും വരാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമ്പലപ്പുഴയിൽ തനിക്ക് എല്ലാ പാർട്ടികളിൽ നിന്നും വോട്ട് കിട്ടുമെന്ന് ജി. സുധാകരൻ പറഞ്ഞു. സാധാരണക്കാരായ ബിജെപിക്കാർ വോട്ട് ചെയ്താൽ എങ്ങനെ ഡീൽ ആകുമെന്ന് അദ്ദേഹം ചോദിച്ചു. രമേശ് ചെന്നിത്തലയ്ക്കും വോട്ട് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിയുടെ വോട്ട് മാത്രം കൊണ്ട് ആർക്കും ജയിക്കാൻ സാധിക്കില്ലെന്ന് ജി. സുധാകരൻ വ്യക്തമാക്കി. രമേശ് ചെന്നിത്തല പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു സുധാകരന്റെ ഈ പരാമർശങ്ങൾ.















