മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ പരിഹാസവുമായി മുൻ മന്ത്രി ജി. സുധാകരൻ. ആർക്കും ജയിക്കാൻ കഴിയുന്ന മണ്ഡലമായതുകൊണ്ടാണ് പിണറായി വിജയൻ ധർമ്മടത്ത് നിന്ന് ജയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ പോലെയല്ല കണ്ണൂരെന്നും അവിടെ ഇടതുമുന്നണിയിൽ നിന്ന് ആര് നിന്നാലും ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒൻപത് തവണ മത്സരരംഗത്തുണ്ടായ മുഖ്യമന്ത്രിക്ക് തനിക്ക് പാർലമെന്ററി വ്യാമോഹമാണെന്ന് പറയാൻ എന്ത് അവകാശമാണുള്ളതെന്നും സുധാകരൻ ചോദിച്ചു. യുഡിഎഫ് ജനറൽ ബോഡി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിൽ.
മുഖ്യമന്ത്രിയുടെ ‘ചെറ്റ’ പരാമർശത്തിനും ജി. സുധാകരൻ കൃത്യമായ മറുപടി നൽകി. ‘ചെറ്റ’ എന്ന് വിളിക്കപ്പെട്ടതിൽ താൻ അഭിമാനിക്കുന്നുവെന്നും പാവപ്പെട്ടവന്റെ ചെറ്റപ്പുരകളുടെ പ്രതീകമാണതെന്നും അദ്ദേഹം വ്യക്തമാക്കി. ‘നീ പോടാ ചെറ്റേ’ എന്നതിനപ്പുറം ആ വാക്കിന് ആഴത്തിലുള്ള അർത്ഥങ്ങളുണ്ട്. മലയാള ഭാഷയുടെ ഇത്തരം അർത്ഥഭേദങ്ങൾ മുഖ്യമന്ത്രിക്ക് അറിയില്ല. ‘ചെറ്റ’ എന്നത് മോശം വാക്കാണെന്ന് ഒരു നിഘണ്ടുവും പറയുന്നില്ലെന്നും എത്ര നിഘണ്ടുക്കൾ മുഖ്യമന്ത്രി വായിച്ചിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
മാധ്യമങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന യുഡിഎഫ് യോഗത്തിലാണ് ജി. സുധാകരൻ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. നേരത്തെ മാധ്യമങ്ങൾക്ക് മുൻപിൽ മുഖ്യമന്ത്രിയെ വിമർശിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാൽ അടച്ചിട്ട മുറിയിൽ നടന്ന യോഗത്തിൽ പിണറായി വിജയന്റെ വ്യക്തിപരമായ കടന്നാക്രമണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ജി. സുധാകരന്റെ ഈ നിലപാട് മാറ്റം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇടത് ക്യാമ്പിന് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
G Sudhakaran hits back at CM Pinarayi Vijayan; says anyone can win in Dharmadam











