
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി ജി. സുധാകരൻ വീണ്ടും രംഗത്തെത്തി. തനിക്ക് ‘ചെറ്റ’ എന്ന പേരിട്ട് അങ്ങനെ വിശേഷിപ്പിച്ച മുഖ്യമന്ത്രി അധികാരത്തിൽ തുടരണോ എന്ന് ജനങ്ങൾ ചിന്തിക്കണമെന്ന് അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. ഭരണഘടനാ സംരക്ഷകനാകേണ്ട മുഖ്യമന്ത്രി വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്നത് ശരിയല്ലെന്നും ബിഷപ്പിനെ ‘നികൃഷ്ട ജീവി’ എന്നും എൻ.കെ. പ്രേമചന്ദ്രനെ ‘പരനാറി’ എന്നും വിളിച്ചത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രയോഗങ്ങൾ വഴി പാർട്ടിക്ക് ശത്രുക്കളെ വർധിപ്പിക്കുകയാണെന്നും കോൺഗ്രസിലേക്ക് ആളുകൾ എത്താൻ ഇത് കാരണമാകുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎമ്മിലെ നിലവിലെ സംഘടനാ സംവിധാനത്തെയും സുധാകരൻ വിമർശിച്ചു. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും ഇന്ന് കരുത്തുറ്റ നേതാക്കളില്ലെന്നും ഏരിയ സെക്രട്ടറിമാർ പോലും മോശം ഭാഷയിൽ തന്നെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കള്ളുഷാപ്പിലിരുന്ന് നേതാക്കളെ തന്തയ്ക്ക് വിളിക്കുന്ന രീതിയിലേക്ക് പ്രവർത്തകർ മാറിയെന്നും ഫേസ്ബുക്കിലൂടെ തനിക്കെതിരെ അപവാദപ്രചാരണം നടത്തുകയാണെന്നും സുധാകരൻ ആരോപിച്ചു. ഭാവിയിൽ പ്രസ്ഥാനത്തെ നയിക്കാൻ ആളില്ലാത്ത അവസ്ഥ വരുമെന്നും രാജ്യത്തിന് കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും ഒരുപോലെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ജി. സുധാകരനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തെ ന്യായീകരിച്ച് എ.കെ. ബാലൻ രംഗത്തെത്തി. മുഖ്യമന്ത്രി സുധാകരനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം കാണിച്ച ‘ചെറ്റത്തരത്തെ’ കുറിച്ചാണ് സംസാരിച്ചതെന്നുമാണ് ബാലന്റെ വാദം. വഞ്ചനാപരമായ സമീപനം സ്വീകരിച്ചപ്പോഴാണ് മുഖ്യമന്ത്രി അത്തരം ഒരു വാക്ക് ഉപയോഗിച്ചത്. ഒരു കാലത്ത് ഉത്തമനായ കമ്മ്യൂണിസ്റ്റായിരുന്ന സുധാകരൻ ഇത്രത്തോളം അധഃപതിച്ചു പോയതിൽ വിഷമമുണ്ടെന്നും കോൺഗ്രസിനോട് ചേർന്ന് നിൽക്കുന്നതിനാലാണ് പ്രതിപക്ഷ നേതാവിന് സുധാകരൻ ഇപ്പോൾ പ്രിയപ്പെട്ടവനായതെന്നും എ.കെ. ബാലൻ പരിഹസിച്ചു.
G Sudhakaran intensifies attack against Pinarayi Vijayan over derogatory remarks














