
ആലപ്പുഴ: സി.പി.എം വിട്ട മുതിർന്ന നേതാവ് ജി. സുധാകരൻ മന്ത്രി പി. പ്രസാദിനും സി.പി.എം നേതൃത്വത്തിനുമെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്ത്. താൻ അമ്പലപ്പുഴയിൽ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും യു.ഡി.എഫ് പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.
മന്ത്രി പി. പ്രസാദ് വെറും മാന്യനായി ഭാവിക്കുകയാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. തൻ്റെ ശത്രുവല്ലാത്ത പ്രസാദ് എന്തിനാണ് തനിക്കെതിരെ പ്രസ്താവന ഇറക്കിയതെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിൽ മറ്റൊരിടത്തും താൻ പ്രസംഗിക്കാൻ പോകില്ലെന്നും എന്നാൽ ചേർത്തലയിൽ മാത്രം പോയി പ്രസാദിനെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എം നേതാക്കൾക്ക് നാണവും മാനവുമില്ലെന്ന് സുധാകരൻ പരിഹസിച്ചു. പത്തും പതിനഞ്ചും തവണ ഒരേ ആളുകൾ തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ചൂണ്ടിക്കാട്ടി, ഇവർക്കൊന്നും പാർലമെൻ്ററി വ്യാമോഹമില്ലേ എന്ന് അദ്ദേഹം ചോദിച്ചു. പാർട്ടിയിലെ ചിലരുടെ അധികാരത്തോടുള്ള ആർത്തിയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്പലപ്പുഴ മണ്ഡലത്തിൽ ജനകീയ സ്വതന്ത്രനായി മത്സരിക്കാനാണ് സുധാകരൻ്റെ തീരുമാനം. തനിക്ക് യു.ഡി.എഫ് പിന്തുണ നൽകുമെന്നും അവിടെ അവർ സ്ഥാനാർത്ഥിയെ നിർത്തില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. പാർട്ടിയെയല്ല, പാർട്ടിക്കുള്ളിലെ ക്രിമിനലുകളെയാണ് താൻ എതിർക്കുന്നതെന്നും സുധാകരൻ വ്യക്തമാക്കി.
ജി. സുധാകരൻ്റെ നീക്കങ്ങളെല്ലാം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
G. Sudhakaran lashes out at Minister P. Prasad















