‘തലയിൽ മുല്ലപ്പൂവും തുളസിപ്പൂവും ചൂടി ഇറങ്ങുന്നത് നായരാണെന്ന് കാണിക്കാൻ, നായർ വീട്ടിലേ വോട്ട് ചോദിക്കു’; സിഎസ് സുജാതയ്‌ക്കെതിരെ ജി സുധാകരന്‍റെ ജാതി അധിക്ഷേപ പ്രയോഗം

അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ സി.എസ്. സുജാതയ്‌ക്കെതിരെ അതിരൂക്ഷമായ ജാതി അധിക്ഷേപവുമായി യുഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരൻ രംഗത്തെത്തി. അമ്പലപ്പുഴയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയായിരുന്നു സുധാകരന്റെ വിവാദ പരാമർശം. സുജാത നായർ വീടുകളിൽ മാത്രമാണ് വോട്ട് ചോദിച്ചു പോകുന്നതെന്നും താനൊരു നായരാണെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താനാണ് അവർ തലയിൽ മുല്ലപ്പൂവും തുളസിപ്പൂവും ചൂടി ഇറങ്ങുന്നതെന്നും സുധാകരൻ പരിഹസിച്ചു. അമ്പലപ്പുഴയിൽ ഇത്തവണ നായർ സമുദായത്തിന്റെ വോട്ടൊന്നും എൽഡിഎഫിന് ലഭിക്കില്ലെന്നും നായർ-ധീവര സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജി. ഭുവനേശ്വരന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിലും സിപിഎമ്മിനും എസ്എഫ്ഐക്കുമെതിരെ സുധാകരൻ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. ഭുവനേശ്വരന്റെ മരണത്തിന് ഉത്തരവാദികൾ എസ്എഫ്ഐ ക്രിമിനലുകളാണെന്നും നിർബന്ധിച്ച് അദ്ദേഹത്തെ കോളേജിലേക്ക് അയച്ചത് സിപിഎം നേതൃത്വമാണെന്നും സുധാകരൻ പറഞ്ഞു. ഭുവനേശ്വരൻ സ്വയം മരിച്ചതല്ലെന്നും എസ്എഫ്ഐ ഗുണ്ടകൾ സൃഷ്ടിച്ച സാഹചര്യമാണ് മരണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങൾക്ക് മുൻപ് ഇതേ വിഷയത്തിൽ ‘നായർ ഗുണ്ടകളാണ്’ ഭുവനേശ്വരനെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ചിരുന്ന സുധാകരൻ ഇപ്പോൾ തന്റെ മുൻനിലപാട് മാറ്റിയാണ് എസ്എഫ്ഐക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ചൂടിനിടെ ജി. സുധാകരൻ നടത്തിയ ഈ പരാമർശങ്ങൾ മണ്ഡലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും ജാതീയമായ വേർതിരിവുകളിലേക്കും പ്രചാരണം തരംതാഴുന്നുവെന്ന ആക്ഷേപം ശക്തമാണ്. സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ഇടത് ക്യാമ്പിന്റെ തീരുമാനം. സ്ഥാനാർത്ഥിയുടെ വസ്ത്രധാരണത്തെയും വിശ്വാസത്തെയും ജാതിയോട് കൂട്ടിയിണക്കി നടത്തിയ ഈ പ്രസംഗം വരും ദിവസങ്ങളിൽ അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് ഫലത്തെ എപ്രകാരം സ്വാധീനിക്കുമെന്ന് കണ്ടറിയണം.

G. Sudhakaran triggers row with casteist remarks against C.S. Sujatha; blames SFI for Bhuvaneswaran’s death

More Stories from this section

family-dental
witywide