
അമ്പലപ്പുഴ- പുന്നപ്ര വയലാർ സമരത്തിന്റെ വീരഭൂമി. വിഎസും സുശീലാ ഗോപാലനനും ജി സുധാകരനും അടക്കം തലപ്പൊക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ മണ്ഡലം. സ്മരണകൾ ഇരമ്പുന്ന ബലികുടീരങ്ങളുടെ വലിയ ചുടുകാട് ഈ മണ്ഡലത്തിലാണ്. കേരളത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ മണ്ഡലം ഇപ്പോൾ.
സഖാവ് ജി സുധാകരൻ എന്ന കമ്യൂണിസ്റ്റ് നേതാവ് താനാണ് യാഥാർഥ കമ്യൂണിസ്റ്റ് എന്ന് തെളിയിക്കാൻ സ്വതന്ത്രനായി മൽസരിക്കുകയാണ് ഇവിടെ.
ഇന്നോളം നെഞ്ചോട് ചേർത്ത ചെങ്കൊടിക്കെതിരായ സുധാകരന്റെ അങ്കം കേരള രാഷ്ട്രീയം ഉറ്റുനോക്കുകയാണ്. സുധാകരൻ VS സിപിഎം പോരിന് അരങ്ങൊരിങ്ങിയതോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി മാറുകയാണ് അമ്പലപ്പുഴ.
സുധാകരന് പിന്തുണ അറിയിച്ചുകൊണ്ട് യുഡിഎഫും രംഗത്തു വന്നു കഴിഞ്ഞു. സുധാകരൻ തന്നെ വളർത്തികൊണ്ടുവന്ന സിപിഎം പാർട്ടി അനുയായി എച്ച് സലാമാണ് ഇത്തവണയും സിപിഎമ്മിൻ്റെ സ്ഥാനാർഥി. 2006 മുതൽ 3 തവണ ജി സുധാകരൻ മൽസരിച്ചു വിജയിക്കുകയും ഒരു തവണ പരാജയപ്പെടുകയും ചെയ്ത മണ്ഡലമാണിത്. മണ്ഡല പുനർനിർണയത്തിനു ശേഷം യുഡിഎഫിനോട് അൽപം കൂടി ചാഞ്ഞ ഈ മണ്ഡലത്തിൽ സിപിഎമ്മിന് പൊളിറഅറിക്കൽ വോട്ടുകൾ ധാരാളമുണ്ട് എന്നത് ഒരു വസ്തുതയാണ്.
ആരാണ് ജി സുധാകരൻ
ഏഴ് തവണ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിയമസഭയിലേക്ക് മത്സരിച്ച നേതാവ് . അതിൽ നാല് തവണ വിജയം. രണ്ട് തവണ മന്ത്രി. ദീർഘകാലം സിപിഎം സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും അംഗം. ഇന്നോളം നടന്ന സിപിഎമ്മിന്റെ 23 പാർട്ടി കോൺഗ്രസുകളിൽ 15 എണ്ണത്തിലും പങ്കെടുത്ത തലമുതിർന്നൊരു നേതാവ്. കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെ പാർട്ടിക്കായി പോരാടിയ, പാർട്ടി തന്റെ ജീവശ്വാസമായി കണ്ട ജി സുധാകരൻ. ആ നേതാവ് ഇന്ന് ആ പാർട്ടിക്കൊപ്പമില്ല. പാർട്ടി ബന്ധം പൂർണമായും ഉപേക്ഷിച്ച സുധാകരൻ തന്റെ തട്ടകമായ അമ്പലപ്പുഴയിൽ സ്വതന്ത്രനായി പുതിയ പോർമുഖം തുറന്നിരിക്കുന്നു. എന്തുകൊണ്ട് ? ടേം വ്യവസ്ഥയിലും പ്രായ പരിധിയിലും മാറ്റിനിർത്തപ്പെട്ടതും പാർട്ടിയിൽനിന്നുണ്ടായ അവഗണനയും അപമാനവുമാണ് സുധാകരനെ സിപിഎം വിമതനാക്കി മാറ്റിയത്. ആലപ്പുഴയിലെ സിപിഎമ്മിനെ ബാധിച്ച സംഘടനാപ്രശ്നങ്ങളുടെ ബാക്കിപത്രമാണ് സുധാകരൻ്റെ ഈ പോക്കും പൊട്ടിത്തെറിയും. തൻ്റെ തന്തക്കു വിളിച്ച പാർട്ടിക്കാരെ നിലയ്ക്കു നിർത്താൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല. തന്നെ സുധാകുരൻ എന്നും പാർട്ടിയുടെ രക്തസാക്ഷിയായ തൻ്റെ അനുജനെ പട്ടി എന്നും വിശേഷിപ്പിച്ചത് കൊടിയ അപമാനമായി തന്നെയാണ് സുധാകരൻ കണ്ടത്. അദ്ദേഹം വളരെ സെൻസിറ്റീവായ , കവിഹൃദയമുള്ള ഒരു മനുഷ്യനാണ്. എല്ലാത്തിലും ഗൌരവും കാണുന്ന സംശുദ്ധവും ലളിതവുമായ ജീവിതം നയിക്കുന്ന പാർട്ടി നിയമങ്ങളിൽ നിന്ന് ലവലേശം വ്യതിചലിക്കാത്ത സംശുദ്ധനായ മനുഷ്യൻ. ആ അവഹേളനങ്ങളെ അദ്ദേഹത്തിന് താങ്ങാനാവാതെ ഇരിക്കെയാണ് പാർട്ടി സെക്രട്ടറി എം. വി ഗോവിന്ദൻ പത്രസമ്മേളനത്തിനിടെ അദ്ദേഹത്തെ അപമാനിച്ച് ചിരിച്ചു എന്ന ആരോപണംെ വരുന്നതും അദ്ദേഹം ക്ഷുഭിതനായി പാർട്ടി അംഗത്വം പുതുക്കുന്നില്ല എന്ന വിവരം പത്ര സമ്മേളനം നടത്തി പ്രഖ്യാപിച്ചതും.
നേട്ടം കോൺഗ്രസിന്
പാർട്ടി കോട്ടകളിലൊന്നായ അമ്പലപ്പുഴയിൽ വീണുകിട്ടിയ ഈ അവസരം മുതലെടുക്കാനാണ് കോൺഗ്രസ് ശ്രമം. ഇടഞ്ഞുനിന്ന സുധാകരനിൽ പ്രതീക്ഷയർപ്പിച്ച് അമ്പലപ്പുഴ ഒഴിച്ചിട്ട് മറ്റ് മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പരിഗണിച്ചതും അതിന്റെ ഭാഗമാണ്. സിപിഎമ്മിനെതിരേ സ്വതന്ത്രനായി മത്സരിക്കുന്ന സുധാകരന് യുഡിഎഫ് പിന്തുണ നൽകുമെന്ന കാര്യം ഉറപ്പാണ്. യുഡിഎഫ് പിന്തുണ സ്വീകരിക്കാൻ സുധാകരൻ തയ്യാറാകുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. ആരുടേയും പിന്തുണ താൻ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് സുധാകരൻ പരസ്യമായി പ്രഖ്യാപിച്ചത്. എന്നാൽ ആരെങ്കിലും തനിക്കായി ചുവരെഴുത്തുകൾ നടത്തിയാൽ താൻ എതിർക്കാനോ തടയാനോ പോകില്ലെന്നും അതേ സുധാകരൻ തന്നെ പറഞ്ഞുവെച്ചിട്ടുണ്ട്. യുഡിഎഫ് പിന്തുണയിൽ സിപിഎമ്മിനെതിരേ മത്സരിക്കുന്ന കാര്യം പൂർണമായും സുധാകരൻ തള്ളുന്നില്ല എന്നതുകൂടി ഇതിൽനിന്ന് വായിച്ചെടുക്കാം.
യുഡിഎഫ് പിന്തുണയിൽ സുധാകരൻ മത്സരിച്ചാൽ തുടർഭരണം ആഗ്രഹിക്കുന്ന സിപിഎമ്മിനത് വലിയ തിരിച്ചടിയാണ്. സിപിഎമ്മിലെ മുതിർന്ന നേതാക്കാളിലൊരാൾ പാർട്ടിക്കെതിരേ കലാപക്കൊടി ഉയർത്തി പാർട്ടിവിട്ടത് കേരളത്തിലാകെ നൽകുന്ന സന്ദേശം ചെറുതായിരിക്കില്ല. പ്രത്യേകിച്ചും അഴിമതി രഹിത പ്രതിച്ഛായയുള്ള നേതാവ്. അങ്ങനെയൊരു നേതാവ് പാർട്ടിക്കെതിരേ തിരിയുമ്പോൾ ആ രാഷ്ട്രീയ സാഹചര്യം സ്വന്തം അണികളെ പോലും ബോധ്യപ്പെടുത്താൻ സിപിഎം പ്രയാസപ്പെടും. ആമ്പലപ്പുഴയിൽ മാത്രമല്ല സംസ്ഥാനമൊട്ടാകെ സുധാകരനെ ഒരുപ്രചാരണ വിഷയമായി ഉയർത്തിക്കാട്ടാനും അതിലൂടെ നേട്ടമുണ്ടാക്കാനും കോൺഗ്രസിനാകും.
ആലപ്പുഴ ജില്ല പൊതുവേ ഇടതിന്റെ കോട്ടയാണ്. രമേശ് ചെന്നിത്തല മാത്രമാണ് യുഡിഎഫിനുള്ള ജില്ലയിലെ ഏക എംഎൽഎ. അങ്ങനെയുള്ള ഒരു ജില്ലയിൽ സിപിഎമ്മിന്റെ ശകതികേന്ദ്രത്തിൽ സുധാകരനെ പോലെയൊരാൾ മുന്നണിയിലേക്ക് വന്നാൽ യുഡിഎഫിനത് രാഷ്ട്രീയ നേട്ടമാണ്. സുധാകരൻ മുന്നിൽനിർത്തി ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ നേട്ടമുണ്ടാക്കാനാകുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.
1967 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തിൽ രണ്ടേ രണ്ട് തവണ മാത്രമേ അമ്പലപ്പുഴ കോൺഗ്രസിനൊപ്പം നിന്നിട്ടുള്ളു. ഒമ്പത് തവണയും മണ്ഡലം ചുവന്നു. 2006 മുതൽ മണ്ഡലം ഇടതിനെ കൈവിട്ടിട്ടുമില്ല. 2006ലും 2011ലും 2016ലും അമ്പലപ്പുഴയിലെ വോട്ടർമാർ സുധാകരനെ ജയിപ്പിച്ചു. ആദ്യ തവണ ഭൂരിപക്ഷം 11929 വോട്ടുകളായിരുന്നു. 2011ൽ ഭൂരിപക്ഷം 16580 ആയി ഉയർന്നു. 2016ൽ ഭൂരിപക്ഷം പിന്നേയും ഉയർന്ന് 22621 ആയി. പക്ഷേ സുധാകരനെ മാറ്റി പാർട്ടി എച്ച് സലാമിനെ പരീക്ഷിച്ച 2021ൽ മണ്ഡലത്തിലെ ഭൂരിപക്ഷം 11126ലേക്ക് കുറഞ്ഞു. സുധാകരന്റെ കാലുവാരലാണ് അതിന് കാരണമെന്ന അക്ഷേപവും അന്വേഷണ കമ്മീഷൻ വിവാദങ്ങളും പിന്നാലെവന്നു. എങ്കിലും മണ്ഡലത്തിൽ സിപിഎമ്മിന്റെ അടിത്തറ ഇപ്പോഴും ശക്തമാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നേട്ടമുണ്ടാക്കാനായെങ്കിലും നിയമസഭയിൽ അത് ആവർത്തിക്കുക യുഡിഎഫിന് അത്ര എളുപ്പമല്ല. അതുകൊണ്ടാണ് സുധാകരന്റെ സ്വതന്ത്ര സ്ഥാനാർഥിത്വം യുഡിഎഫ് വലിയ അവസരമായി കാണുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തോളമായി സുധാകരൻ പാർട്ടിയിൽനിന്ന് അകൽച്ചയിലാണെങ്കിലും സുധാകരൻ എന്ന നേതാവിന് മണ്ഡലത്തിലാകെയും വലിയ സ്വാധീനമുണ്ട്. ഒന്നാം പിണറായി സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ വികസന പ്രവർത്തനങ്ങളും അഴിമതിയുടെ കറപുരളാത്ത നേതാവ് എന്ന പ്രതിച്ഛായയും സുധാകരനെ കൂടുതൽ കരുത്തനാക്കും. എന്നാൽ പാർട്ടിക്കെതിരേയോ സർക്കാരിനെതിരേയും ഒന്നും പറയാൻ താനില്ലെന്നാണ് സുധാകരന്റെ നിലപാട്. പിണറായി മൂന്നാം തവണയും മുഖ്യമന്ത്രിയായാൽ സന്തോഷമെന്നും സുധാകരൻ പറയുന്നു. അങ്ങനെയൊരാൾക്ക് എങ്ങനെ പിന്തുണ നൽകും എന്ന കാര്യം യുഡിഎഫിനേയും കുഴപ്പിക്കുന്നു. ഏതായാലും സുധാകരനും സിപിഎമ്മും തമ്മിലുള്ള തർക്കത്തിൽ അതിന്റെ ശരിക്കുള്ള ഗുണഭോക്താവാൻ പോകുന്നത് കോൺഗ്രസും യുഡിഎഫുമാണ്.
സുധാകരനെതിരേ ഇപ്പോൾ വലിയ വിമർശനമില്ലെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ സുധാകരനെ രാഷ്ട്രീമായി നേരിടേണ്ട ബാധ്യത ഇടതുപക്ഷത്തിനും വരും. എന്തുവിലകൊടുത്തും പാർട്ടി സ്ഥാനാർഥിയെ വിജയിപ്പിക്കാൻ സിപിഎം സഹസ്രകോടി പയറ്റും എന്ന് ഉറപ്പ്. സുധാകനു വേണ്ടി സംസാരിക്കുന്നവരെ പുറത്താക്കുമെന്ന് താക്കീതു നൽകി കഴിഞ്ഞു. ഇനി ഗോദയിൽ കാണാം.












