സിപിഐഎം പാർട്ടിവിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള ജി. സുധാകരൻ്റെ തീരുമാനം നാടകമെന്ന് മാധ്യമങ്ങളോട് എച്ച്. സലാം എംഎൽഎ. അരങ്ങേറുന്ന നാടകത്തിൻ്റെ ഒരു രംഗം മാത്രമേ ഇപ്പോൾ കണ്ടിട്ടുള്ളൂ. ഇനി രണ്ട് രംഗങ്ങൾക്കൂടി വരാനുണ്ട്. അതിൽ ഒന്ന് യുഡിഎഫിന്റേതാണ്, പിന്നൊന്ന് ബിജെപിയുടേതാണ്. വളരെയേറെ ആലോചിച്ച് പ്ലാൻചെയ്‌ത കാര്യമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആ രണ്ടുരംഗങ്ങൾക്കൂടി അവതരിപ്പിച്ചതിനു ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും എച്ച്. സലാം പറഞ്ഞു.
പാർട്ടിയിൽ നിന്ന് ഒരാൾ ഇങ്ങനെയൊരു നിലപാടിലേക്കെത്തിയാൽ അവരെ എങ്ങനെയാണ് നേരിടേണ്ടതെന്ന് ജി. സുധാകരൻ തന്നെ മുൻകാലങ്ങളിൽ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ജനങ്ങളെ അണിനിരത്തി ഇത്തരം കാര്യങ്ങളെ ശക്തമായി നേരിടും. ദീർഘകാലം മറ്റാർക്കും ലഭിക്കാത്ത പരിഗണന ലഭിച്ചിരുന്ന ആളാണ് ജി. സുധാകരനെന്നും വി.എസിനു പോലും ഇത്രയും പരിഗണന കിട്ടിയിട്ടുണ്ടാകില്ലെന്നും സലാം പറഞ്ഞു.
പാർട്ടി വിട്ട ജി. സുധാകരൻ്റെ നിലപാടിൻ്റെ പേരിൽ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. പാർട്ടി അണികൾ പാർട്ടിയുടെ ഭാഗത്തുതന്നെ ആയിരിക്കും. അമ്പലപ്പുഴ ഏരിയയിൽനിന്ന് 15 പേർ പോലും പാർട്ടിയിൽനിന്ന് പോകില്ലെന്നും സുധാകരന് യുഡിഎഫിന്റെ പിന്തുണ കിട്ടുമോ എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങളെല്ലാം പ്ലാൻ ചെയ്ത് വെച്ചിരിക്കുകയാണന്നും സലാം കൂട്ടിച്ചേർത്തു.
G Sudhakaran’s party exit; H. Salam mla says Sudhakaran taught him how to deal with cheaters












