അമേരിക്കയിൽ 14കാരിയായ പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചെന്ന കേസിൽ ജർമനിയിൽ 18കാരൻ അറസ്റ്റിൽ. ഓൺലൈൻ വഴി പെൺകുട്ടിയെ സ്വയം മുറിവേൽപ്പിക്കാൻ പ്രേരിപ്പിക്കുകയും മാനസികമായി സമ്മർദത്തിലാക്കുകയും ചെയ്തെന്ന ആരോപണത്തിലാണ് നടപടി. എഫ്ബിഐ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജർമൻ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഹാംബർഗിൽനിന്ന് പിടിയിലായ യുവാവിനെതിരെ കൊലപാതകത്തിനും ഗുരുതരമായ ശാരീരിക ഉപദ്രവത്തിനും പരോക്ഷമായി ഉത്തരവാദിയാണെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ മരണത്തിൽ പങ്കുള്ളയാളെ തിരിച്ചറിഞ്ഞതായി ഫോർട്ട് വെയ്ൻ പൊലീസ് അറിയിച്ചു. കുട്ടികളെ ലക്ഷ്യമിടുന്നവർക്കും ചൂഷണം ചെയ്യുന്നവർക്കും നിയമത്തിൽനിന്ന് രക്ഷപ്പെടാനാകില്ലെന്ന് എഫ്ബിഐ ഇൻഡ്യാനപൊളിസ് വിഭാഗം മേധാവി തിമോത്തി ജെ. ഒമാലി മുന്നറിയിപ്പ് നൽകി. പ്രതിയെ കണ്ടെത്താനും നിയമത്തിനു മുന്നിലെത്തിക്കാനും ലോകമെമ്പാടുമുള്ള അന്വേഷണ ഏജൻസികളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘നെഫാരിയസ് മാനിയാക് കൾട്ട്’ (NMK) എന്ന ഓൺലൈൻ സംഘവുമായി പ്രതിക്ക് ബന്ധമുണ്ടെന്നാണ് ഹാംബർഗ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചത്. ‘764’, ‘COM’ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആഗോള ശൃംഖലയുടെ ഭാഗമാണ് ഈ സംഘമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
അതേസമയം, 2024 സെപ്റ്റംബർ മുതൽ 2025 സെപ്റ്റംബർ വരെ നിഹിലിസ്റ്റിക് അക്രമ തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകൾ 300 ശതമാനം വർധിച്ചതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു. ഇതിൽ പലതിനും ‘764’ സംഘവുമായി ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വയം മുറിവേൽപ്പിക്കാനും അക്രമം നടത്താനും അംഗങ്ങൾ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതായും ഇത്തരം പ്രവൃത്തികളുടെ ദൃശ്യങ്ങൾ പകർത്താൻ ഇരകളെ നിർബന്ധിക്കുന്നതായും ആരോപണമുണ്ട്. അന്ന് 17 വയസ്സായിരുന്ന പ്രതി, ഡിസ്കോർഡ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഇന്ത്യാന സ്വദേശിനിയായ പെൺകുട്ടിയെ സ്വാധീനിച്ചെന്നാണ് പ്രോസിക്യൂട്ടർമാരുടെ ആരോപണം. മാനസികമായി ദുർബലയായിരുന്ന പെൺകുട്ടിയോട് സ്വയം മുറിവേൽപ്പിക്കാനും സ്വന്തം രക്തം ഉപയോഗിച്ച് ചുവരിൽ ‘NMK’ എന്ന് എഴുതാനും ഇയാൾ ആവശ്യപ്പെട്ടതായും ഇതിന്റെ ദൃശ്യങ്ങൾ അയച്ചുകൊടുക്കാൻ നിർബന്ധിച്ചതായും പറയുന്നു.
ദിവസങ്ങൾക്കുശേഷം പെൺകുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന്റെ ദൃശ്യങ്ങൾ ലഭിച്ച് ഓൺലൈൻ സംഘത്തിൽ അംഗീകാരം നേടാനോ അംഗത്വം ഉറപ്പാക്കാനോ പ്രതി ശ്രമിച്ചെന്നാണ് പ്രോസിക്യൂട്ടർമാരുടെ ആരോപണം.
German man arrested for allegedly driving American teen girl to die by suicide, prosecutors say












