
ചെന്നൈ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെയും തൊഴിലിനെയും കുറിച്ച് വിവാദ പരാമർശം നടത്തി വെട്ടിലായി ഡിഎംകെ നേതാവും എംപിയുമായ ദയാനിധി മാരൻ. ഉത്തരേന്ത്യയിൽ പെൺകുട്ടികളോട് ജോലിക്ക് പോകരുതെന്നും വീട്ടിലിരുന്ന് വീട്ടുജോലികൾ ചെയ്യാനാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉത്തരേന്ത്യയിലെ സ്ഥിതിക്ക് വിപരീതമായി തമിഴ്‌നാട്ടിൽ പെൺകുട്ടികളെ പഠിക്കാനും ജോലി നേടാനും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിലെ വിദ്യാഭ്യാസമുള്ള തൊഴിൽ ശക്തി കാരണമാണ് ആഗോള കമ്പനികൾ ചെന്നൈയിലേക്ക് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നമ്മുടെ പെൺകുട്ടികൾ അഭിമാനിക്കണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെൺകുട്ടികൾ ജോലിക്ക് പോകരുതെന്നും വീടിനുള്ളിൽ തന്നെ ഇരുന്നു വീട്ടുജോലികൾ ചെയ്യണമെന്നുമാണ് അവർ ആവശ്യപ്പെടുന്നത്, എന്നാൽ ഇവിടെ നമ്മുടെ പെൺകുട്ടികൾ പഠിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിനെ “ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനം” എന്നും ദ്രാവിഡ പ്രസ്ഥാനം സാമൂഹിക നീതിക്കും സ്ത്രീ വിദ്യാഭ്യാസത്തിനും നൽകിയ ഊന്നലിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ഭരണകൂടമെന്നും വിശേഷിപ്പിച്ചുകൊണ്ട്, ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെയും മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും പ്രശംസിക്കാൻ മാരൻ ഈ അവസരം ഉപയോഗിച്ചു.
ഈ പ്രസ്താവന വടക്കേ ഇന്ത്യക്കാരെ അധിക്ഷേപിക്കുന്നതും വിവേചനപരവുമാണെന്ന് ആരോപിച്ച് ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. മാരൻ നിരുപാധികം മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ചെന്നൈയിലെ ക്വയ്ദ്-ഇ-മില്ലത്ത് ഗവൺമെന്റ് കോളേജ് ഫോർ വുമണിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. തമിഴ്‌നാട് സർക്കാരിന്റെ ‘ഉലകം ഉങ്ങൾ കയ്യിൽ’ പദ്ധതിയുടെ ഭാഗമായി ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്ന ചടങ്ങിലായിരുന്നു മാരൻ ഈ വിവാദം വിളമ്പിയത്.
“Girls in North India are asked to stay at home, DMK MP who stirred controversy













