
കൊച്ചി: ആഗോള അയ്യപ്പസംഗമത്തിൻ്റെ നടത്തിപ്പിൽ വൻതോതിലുള്ള ധൂർത്തും ക്രമക്കേടുകളും നടന്നതായി വ്യക്തമാക്കുന്നതാണ് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഓഡിറ്റ് റിപ്പോർട്ട്. പരിപാടിയുടെ ആകെ ചെലവ് ഏകദേശം 8 കോടി രൂപയായാണ് നിലവിൽ കണക്കാക്കുന്നത്. ദേവസ്വം ബോർഡിന്റെ ഫണ്ട് ഉപയോഗിക്കരുതെന്ന കോടതി ഉത്തരവ് നിലനിൽക്കെ, പൊതുഫണ്ടിൽ നിന്ന് എടുത്ത 2 കോടി രൂപ ഇതുവരെ തിരിച്ചടച്ചിട്ടില്ല. ഇതുവഴി ബോർഡിന് 3.40 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വിഐപികളുടെ താമസത്തിനായി മാത്രം 37.25 ലക്ഷം രൂപ ചെലവാക്കി. സംഗമം ഉദ്ഘാടനംചെയ്യാൻ മുഖ്യമന്ത്രി തലേന്ന് പമ്പയിലെത്തിയിരുന്നു. അദ്ദേഹത്തിനുവേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടിലും മെത്തയുമാണ് വാങ്ങിയത്. ഇത് ഇപ്പോൾ ദേവസ്വം മരാമത്ത് ഓഫീസിലുണ്ട്. 4000 ലിറ്ററിന്റെ വാട്ടർടാങ്കും അനുബന്ധടാപ്പുകളും സ്ഥാപിക്കാൻ 4.8 ലക്ഷം രൂപ ചെലവായതായും കാണിച്ചിരിക്കുന്നു.
ടാക്സി കൂലിയായി 10.57 ലക്ഷം രൂപയും കണക്കിൽ കാണിച്ചിട്ടുണ്ട്. സാംസ്‌കാരിക പരിപാടികൾക്കായി നിശ്ചയിച്ചിരുന്ന 2 ലക്ഷത്തിന് പകരം 8 ലക്ഷം രൂപ ചെലവാക്കി.
പന്തൽ നിർമ്മാണവും മറ്റ് ജോലികളും ഊരാളുങ്കൽ സൊസൈറ്റിയുടെ സഹസ്ഥാപനമായ IIIC-ക്ക് നൽകിയത് ടെൻഡർ വിളിക്കാതെയാണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇതിന് 10 ശതമാനം അധിക തുക (ഫെസിലിറ്റേഷൻ ചാർജ്) നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.
50 മെത്തകൾ വാങ്ങിയതായി സ്‌റ്റേറ്റ്‌മെന്റിലുണ്ടെങ്കിലും 50 എണ്ണത്തിന് ബില്ലുകളില്ല. മെത്തകളെല്ലാം പൊലീസിൻ്റെ വിശ്രമകേന്ദ്രത്തിനാണ് നൽകിയത്. സംഗമം കഴിഞ്ഞും പൊലീസാണിവ സൂക്ഷിക്കുന്നത്.
ഭക്തർക്ക് നൽകിയ 4100 വീതം അപ്പവും അരവണയും ഉൾപ്പെടെയുള്ള പ്രസാദങ്ങളുടെ മൂല്യം അക്കൗണ്ടുകളിൽ രേഖപ്പെടുത്തിയിട്ടില്ല. ഉപകരാറുകൾ സംബന്ധിച്ച ബില്ലുകളോ ജിഎസ്ടി രേഖകളോ ഓഡിറ്റിംഗിനായി ഹാജരാക്കിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. എട്ട് അടി ഉയരമുള്ള സുരക്ഷാവേലിക്ക് 3.24 ലക്ഷം, വി.ഐ.പി.കൾക്ക് ഭക്ഷണവിതരണം, 30,000 രൂപ, പ്രഭാതഭക്ഷണം (4000 പേർ) 4.2 ലക്ഷം, 11 മണി ചായ, സ്‌നാക്‌സ് (5000 പേർ) 2 ലക്ഷം , ഉച്ചഭക്ഷണം (5000 പേർ) 8.5 ലക്ഷം, വൈകീട്ട് ചായ (5000 പേർ) 2 ലക്ഷം, രാത്രിഭക്ഷണം (3000 പേർ) 4.5 ലക്ഷം, ഡീസൽ 7.44 ലക്ഷം എന്നിങ്ങനെ പോകുന്നു ധൂർത്തിൻ്റെ കണക്ക്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടിയിട്ടുണ്ട്.
global Ayyappa Sangam audit report out














