
വത്തിക്കാൻ സിറ്റി: മധ്യേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, യുദ്ധക്കൊതിയുള്ള രാഷ്ട്രത്തലവന്മാർക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിന്നാലാമൻ മാർപ്പാപ്പ. വത്തിക്കാനിൽ ഓശാന ഞായർ ശുശ്രൂഷകളിൽ പങ്കെടുത്ത വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുദ്ധത്തിന് തുടക്കമിടുന്നവരുടെയും “കൈകളിൽ രക്തം പുരണ്ടവരുടെയും” പ്രാർത്ഥനകൾ ദൈവം നിരസിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ടാണ് മാർപ്പാപ്പയുടെ ഈ പ്രസ്താവന. “നമ്മുടെ ദൈവം സമാധാനത്തിൻ്റെ രാജാവായ യേശുവാണ്. അവിടുന്ന് യുദ്ധത്തെ തള്ളിക്കളയുന്നു. യുദ്ധത്തെ ന്യായീകരിക്കാൻ ആർക്കും ദൈവത്തെ ഉപയോഗിക്കാനാവില്ല,” – അദ്ദേഹം പറഞ്ഞു. തന്നെ തകർക്കാൻ ചുറ്റും അക്രമങ്ങൾ പടരുമ്പോഴും യേശു സമാധാനത്തിൻ്റെ രാജാവായാണ് സ്വയം വെളിപ്പെടുത്തിയതെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു.
“യേശു ശാന്തനായി നിലകൊള്ളുമ്പോൾ മറ്റുള്ളവർ അക്രമം അഴിച്ചുവിടുകയായിരുന്നു. അവർ വാളുകളും വടികളും ഉയർത്തിയപ്പോൾ മാനവികതയെ ആലിംഗനം ചെയ്യാൻ അവൻ സ്വയം സമർപ്പിച്ചു,” മാർപാപ്പ പറഞ്ഞു. മരണവും ഇരുട്ടും തന്നെ വിഴുങ്ങാൻ നിൽക്കുമ്പോഴും ലോകത്തിന് വെളിച്ചവും ജീവനും നൽകാനാണ് യേശു ശ്രമിച്ചത്.
യേശുവിൻ്റെ പീഡാനുഭവങ്ങൾ സമാധാനത്തിനായുള്ള അവൻ്റെ ആഗ്രഹത്തിന് സാക്ഷ്യം വഹിക്കുന്നതാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. തൻ്റെ ശിഷ്യൻ വാളെടുത്ത് വേലക്കാരൻ്റെ ചെവി മുറിച്ചപ്പോൾ, “വാളെടുക്കുന്നവൻ വാളാലേ” എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ആയുധം ഉപേക്ഷിക്കാൻ യേശു കൽപ്പിച്ചു. കുരിശിലേക്ക് നയിക്കപ്പെട്ടപ്പോഴും ഒരു പ്രതിരോധവും തീർക്കാതെ അറുക്കാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ അവൻ സ്വയം വിട്ടുകൊടുത്തു.
യുദ്ധത്തെ ന്യായീകരിക്കാൻ ആർക്കും ക്രിസ്തുവിനെ ഉപയോഗിക്കാൻ കഴിയില്ലെന്ന് കർശനമായി ഓർമ്മിപ്പിച്ച അദ്ദേഹം “സമാധാനത്തിൻ്റെ രാജാവായ യേശു യുദ്ധത്തെ നിരസിക്കുന്നുവെന്നും യുദ്ധം ചെയ്യുന്നവരുടെ പ്രാർത്ഥനകൾ ദൈവം കേൾക്കില്ല,” എന്നുമാണ് പറഞ്ഞത്. പ്രവാചകനായ യെശയ്യാവിൻ്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, രക്തപങ്കിലമായ കൈകളുമായി ചെയ്യുന്ന പ്രാർത്ഥനകൾ ദൈവം തള്ളിക്കളയുമെന്ന് അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിൻ്റെ പാത സ്വീകരിക്കാൻ ലോകനേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ യുദ്ധത്തിന് ഇരയാകുന്നവരുടെ നിലവിളികളിൽ മാർപാപ്പ ദുഃഖം രേഖപ്പെടുത്തി. “ആയുധങ്ങൾ താഴെ വെക്കുക, നിങ്ങൾ സഹോദരങ്ങളാണെന്ന് ഓർക്കുക” എന്ന സന്ദേശം കുരിശിൽ കിടന്ന് ക്രിസ്തു ഇന്നും ആവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദൈവദാസൻ ബിഷപ്പ് ടോണിനോ ബെല്ലോയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, അനീതികളും യുദ്ധങ്ങളും അവസാനിക്കുമെന്നും അക്രമത്തിന് ഇരയാകുന്നവരുടെ കണ്ണുനീർ വസന്തകാല സൂര്യപ്രകാശത്തിൽ മഞ്ഞുതുള്ളികൾ എന്നപോലെ ഉണങ്ങിപ്പോകുമെന്നുമുള്ള പ്രത്യാശ പ്രകടിപ്പിച്ചാണ് മാർപാപ്പ തൻ്റെ പ്രസംഗം അവസാനിപ്പിച്ചത്.
“God will not hear the prayers of those who wage war; their hands are stained with blood”: Pope with Palm Sunday message















