
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 4360 രൂപയും ഗ്രാമിന് 545 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,02,680 രൂപ എന്ന നിരക്കിലേക്ക് താഴ്ന്നു. 12,835 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില.
കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവിൽ സ്വർണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ 1,07,040 രൂപയിൽ തുടർന്ന വിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നുമാണ് സ്വർണം ഈ വൻ ഇടിവ് രേഖപ്പെടുത്തിയത്. മാർച്ച് 16-ന് രേഖപ്പെടുത്തിയ 1,15,440 രൂപയായിരുന്നു ഇതിനുമുമ്പത്തെ കുറഞ്ഞ നിരക്ക്.ജനുവരി മാസത്തെ വില നിലവാരത്തിലേക്കാണ് നിലവിൽ വിപണി മടങ്ങിയെത്തുന്നത്.
ജനുവരി 29-ന് പവൻ വില 1,31,160 രൂപയും ഗ്രാം വില 16,395 രൂപയും രേഖപ്പെടുത്തി റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു. അവിടെനിന്നാണ് ഇപ്പോൾ ഒരു ലക്ഷത്തിന് തൊട്ടരുകിലേക്ക് വില എത്തിനിൽക്കുന്നത്.
വെള്ളി വിലയിലും കുറവ്
സ്വർണത്തിനൊപ്പം വെള്ളി വിലയിലും കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 230 രൂപയായും, 10 ഗ്രാമിന് 2300 രൂപയായും വെള്ളി വില മാറി. വിവാഹ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ സ്വർണവിലയിലുണ്ടായ ഈ വലിയ മാറ്റം സാധാരണക്കാരായ ഉപഭോക്താക്കൾക്കും സ്വർണ വിപണിക്കും വലിയ ആശ്വാസമാണ് നൽകുന്നത്. വരും ദിവസങ്ങളിലും ഈ കുറഞ്ഞ നിരക്ക് തുടരുമോ എന്നാണ് ഇപ്പോൾ വിപണി ഉറ്റുനോക്കുന്നത്.
Gold prices hit record low: Pawan drops by Rs 4360















