
കൊച്ചി: ആഗോള വിപണിയിലെ ചലനങ്ങളെത്തുടർന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ വർധന. ഗ്രാമിന് 180 രൂപ വർധിച്ച് 13,835 രൂപയിലെത്തി. പവന് 1,440 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,10,680 രൂപയായി ഉയർന്നു.
രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ വൻ ഏറ്റക്കുറച്ചിലുകളാണ് കേരളത്തിലും പ്രതിഫലിച്ചത്. ആഗോളതലത്തിൽ ഒരു ഘട്ടത്തിൽ 110 ഡോളറോളം ഇടിഞ്ഞ് 4,464 ഡോളറിലേക്ക് വീണ സ്വർണവില, പിന്നീട് 4,676 ഡോളറിലേക്ക് ശക്തമായി തിരിച്ചുകയറി. വില കുറഞ്ഞ സമയത്ത് നിക്ഷേപകർ കൂട്ടത്തോടെ സ്വർണം വാങ്ങിക്കൂട്ടിയതാണ് വില വീണ്ടും ഉയരാൻ കാരണമായത്.
ഇറാനെതിരെയുള്ള യുഎസ്-ഇസ്രയേൽ സഖ്യത്തിൻ്റെ നീക്കങ്ങളും ഇറാൻ്റെ പ്രത്യാക്രമണവും എണ്ണവിലയെ ബാധിച്ചിട്ടുണ്ട്. യുദ്ധസമാനമായ അന്തരീക്ഷം ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണി ഉയർത്തുന്നതും ഡോളർ കരുത്താർജ്ജിക്കുന്നതും സ്വർണവിലയിൽ വലിയ അസ്ഥിരതയുണ്ടാക്കുന്നു. വരും ദിവസങ്ങളിലും വിപണിയിൽ സമാനമായ മാറ്റങ്ങൾ തുടരാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
Gold prices surge














