
കൊച്ചി: സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് പവൻ്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വർധിച്ച് 16,395 രൂപയുമായി. ആഗോള-ആഭ്യന്തര വിപണികളിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സ്‌സിൽ 9,954 രൂപയാണ് കൂടിയത്. ഇതോടെ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 1,75,869 രൂപയായി.
ഈയാഴ്‌ച മാത്രം 10 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. സമാനമായ വർധന വെള്ളിയുടെ വിലയിലുമുണ്ടായി. ചരിത്രത്തിലാദ്യമായി വെള്ളിയുടെ വില കിലോഗ്രാമിന് നാല് ലക്ഷം രൂപയുടെ അടുത്തെത്തി.
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 5,500 ഡോളർ കടന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും ആഗോളതലത്തിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളും നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് തിരിയാൻ കാരണമായി.
നിലവിലെ നിരക്ക് പ്രകാരം 5% പണിക്കൂലിയും 3% ജിഎസ്ടിയും മറ്റ് ചാർജുകളും ഉൾപ്പെടുത്തിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,60,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
Gold prices surge in the state, hits historic high of Rs 1,31,160















