ജോർജി വർഗീസ്
സൗത്ത് ഫ്ലോറിഡ: കാസർഗോഡ് ജില്ലയിലെ മടിക്കൈയിൽ പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി നിർമ്മിച്ചു വരുന്ന ബൃഹദ് പദ്ധതിയായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസ് (IIPD)-ന്റെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന എം ക്യൂബ് (M Cube) പരിപാടി ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും.
തിരുവനന്തപുരം ഡിഫറന്റ് ആർട്സ് സെന്ററിന്റെ മാതൃകയിൽ വികസിപ്പിച്ചു വരുന്ന ഈ മഹത്തായ പദ്ധതി ആയിരക്കണക്കിന് ഭിന്നശേഷിക്കാർക്കും, പ്രത്യേകിച്ച് എൻഡോസൾഫാൻ ദുരിതബാധിതർക്കും വലിയൊരു ആശ്വാസവും പ്രതീക്ഷയുമാകുമെന്ന് സംഘാടകർ അറിയിച്ചു.

കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ സംഘടിപ്പിക്കുന്ന രണ്ടു മണിക്കൂർ ദൈർഘ്യമുള്ള എം ക്യൂബ് പരിപാടിയിൽ മാജിക്, സംഗീതം, ഹൃദയസ്പർശിയായ സന്ദേശങ്ങൾ, പ്രത്യേക കലാപരിപാടികൾ എന്നിവ ഉൾപ്പെടും. പ്രശസ്ത മജീഷ്യനായി ദീർഘകാലം പ്രവർത്തിച്ച ഗോപിനാഥ് മുതുകാട്, ഭിന്നശേഷിക്കാരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുന്നതിനായി തന്റെ ജീവിതം സമർപ്പിച്ച ശേഷം, അവർക്കു വേണ്ടിയുള്ള സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വീണ്ടും മാജിക്കിലേക്ക് തിരിച്ചെത്തുകയായിരുന്നു.
പരിപാടിയിൽ പ്രശസ്ത ഗായകരായ രേവി ശങ്കറും ചിത്ര അരുണും വയലിനിസ്റ്റ് വിഷ്ണു അശോകും സംഗീത വിരുന്നിന് നേതൃത്വം നൽകും. ഗോപിനാഥ് മുതുകാടും അദ്ദേഹത്തിന്റെ മുഴുവൻ സംഘവും ഇതിനോടകം സൗത്ത് ഫ്ലോറിഡയിൽ എത്തിച്ചേർന്നിട്ടുണ്ട്.

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സൗത്ത് ഫ്ലോറിഡയിലെ മലയാളി സമൂഹത്തിൽ ശ്രദ്ധേയമായ കൈരളിആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടി, സൗത്ത് ഫ്ലോറിഡയിൽ ഇതുവരെ അരങ്ങേറിയ മികച്ച കലാപരിപാടികളിൽ ഒന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൈരളി ആർട്സ് ക്ലബ് പ്രസിഡന്റ് ഡോ. മഞ്ജു സാമുവൽ, സെക്രട്ടറി ജോമി ജോസഫ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. മാമൻ സി. ജേക്കബ്, മുൻ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, ബോർഡ് ചെയർമാൻ വർഗീസ് ജേക്കബ് എന്നിവർ കേരളത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടിയുള്ള ഈ മഹത്തായ സംരംഭത്തെ പിന്തുണയ്ക്കാൻ എല്ലാവരോടും അഭ്യർഥിച്ചു.
Gopinath Muthukad’s M-Cube Show in Cooper City, Florida, on Sunday.











