ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ കേസിൽ കനത്ത തിരിച്ചടിയേറ്റ് സർക്കാർ; ഗുരുതര ചോദ്യങ്ങളുമായി ഹൈക്കോടതി, കടുത്ത വിമർശനം

കൊച്ചി: ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്പാർക്കിലെ വിവരങ്ങൾ എങ്ങനെ ലഭിച്ചുവെന്ന് കോടതി ചോദിച്ചു. വ്യക്തിഗത വിവരങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കരുതെന്ന മുൻകാല ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും ഇത് നടന്നതായി കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ ലഭിച്ചുവെന്ന് ഹൈക്കോടതി നേരിട്ട് ചോദ്യം ഉന്നയിച്ചു.

ഇത് സ്വകാര്യതയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നും കോടതി വിലയിരുത്തി. വീണ്ടും ഇത്തരം സന്ദേശങ്ങൾ അയയ്ക്കരുതെന്നും കോടതി വ്യക്തമാക്കി. ഈ വിവരങ്ങൾ എവിടെനിന്നാണ് ലഭിച്ചതെന്ന് സർക്കാറിനോട് കോടതി ആവർത്തിച്ച് ചോദിച്ചു. വിഷയത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി നോട്ടീസ് അയച്ചു. സർക്കാർ നടപടി പ്രഥമദൃഷ്ട്യാ സ്വകാര്യതയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

ആവശ്യമില്ലാത്ത വിവരങ്ങൾ ആളുകൾക്കിടയിൽ പ്രചരിപ്പിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. വിവരങ്ങൾ എങ്ങനെ ലഭിച്ചുവെന്ന കാര്യം സർക്കാർ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ ഇത്തരം സന്ദേശങ്ങൾ അയയ്ക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ഉറപ്പ് നൽകി. ഓഫീസിൽനിന്ന് ഓരോ വ്യക്തിക്കും എത്ര സന്ദേശങ്ങൾ അയച്ചുവെന്ന കൃത്യമായ വിവരങ്ങൾ സത്യവാങ്മൂലത്തിലൂടെ സമർപ്പിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. വെള്ളിയാഴ്ചയാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.

More Stories from this section

family-dental
witywide