ഇസ്ലാമാബാദ്: അധികം വൈകാതെ അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ധനസഹായം വേണ്ടെന്ന് വെക്കാൻ സാധിച്ചേക്കുമെന്നും പാകിസ്‌താൻ്റെ സമ്പദ് വ്യവസ്ഥ മുന്നേറുകയാണെന്നും പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ്. സാമ്പത്തിക പ്രതിസന്ധി കാരണം ദേശീയ എയർലൈനായ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് (PIA) വിൽക്കാൻ നിർബന്ധിതരായതിന് ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് ഖ്വാജ ആസിഫിൻ്റെ പുതിയ അവകാശവാദം. ജിയോടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഖ്വാജ അസഫ്.
ഇന്ത്യയുമായി 2025 മേയ് മാസത്തിലുണ്ടായ നാല് ദിവസത്തെ സൈനികസംഘർഷത്തിനുശേഷം പാകിസ്‌താൻ്റെ സൈനിക മികവ് ലോകശ്രദ്ധ നേടി. പാകിസ്താനിലേക്കുള്ള പ്രതിരോധ ഓഡറുകൾ വൻതോതിൽ വർധിച്ചു. പ്രതിരോധ ഓഡറുകളിൽ ചൈനയുടേതുൾപ്പെടെ വലിയ വർധനയുണ്ടായതായി. പാകിസ്താന് ഉടൻതന്നെ ഐഎംഎഫിന്റെ വായ്‌പകൾ വേണ്ടെന്ന് വെക്കാൻ കഴിഞ്ഞേക്കുമെന്നും ഖ്വാജ അസഫ് പറഞ്ഞു.
അതേസമയം, പ്രതിരോധത്തെ വിഷയത്തെക്കുറിച്ചെഴുതുന്ന ചില പത്രപ്രവർത്തകരെപ്പോലെയാണ് ഖ്വാജ ആസിഫ് സംസാരിക്കുന്നതെന്നും ഒരു വിമാനത്തിന്റെയോ അന്തർവാഹിനിയുടെയോ മുൻപും പിൻപും തിരിച്ചറിയാൻ പ്രതിരോധമന്ത്രിയ്ക്ക് കഴിയില്ലെന്നും ഖ്വാജ ആസിഫിന്റെ അവകാശവാദത്തോട് പാക് രാഷ്ട്രീയ തന്ത്രജ്ഞയും എഴുത്തുകാരിയുമായ ആയിഷ സിദ്ദീഖ പ്രതികരിച്ചു.
JF-17, J-10 പോലുള്ള പാക് യുദ്ധവിമാനങ്ങൾക്ക് അസർബൈജാൻ, ലിബിയ തുടങ്ങിയ ഏതാനും രാജ്യങ്ങളിൽ നിന്ന് ഓഡർ ലഭിച്ചിട്ടുണ്ട്. JF-17 ന്റെ എയർഫ്രെയിമിന്റെ ഏകദേശം 58% മാത്രമാണ് പാകിസ്‌താനിൽ നിർമ്മിക്കുന്നതെന്നും കയറ്റുമതിയിൽ നിന്നുള്ള വരുമാനംപോലും പങ്കാളിയായ ചൈനയുമായി വിഭജിക്കപ്പെടുന്നുവെന്നും ആയിഷ സിദ്ദീഖ വ്യക്തമാക്കി.
പാകിസ്‌താന്റെ കടബാധ്യതയുടെ വ്യാപ്‌തി കണക്കിലെടുക്കുമ്പോൾ, വിമാനവിൽപന പോലും കാര്യമായ സംഭാവന നൽകാൻ സാധ്യതയില്ല. പാകിസ്‌താന്റെ സാമ്പത്തികസ്ഥിതിയും ജെറ്റ് നിർമ്മാണത്തിലെ അതിൻ്റെ പങ്കും പരിഗണിക്കുമ്പോൾ, ഖ്വാജ ആസിഫിന്റെ അവകാശവാദങ്ങൾ സ്വപ്‌നം മാത്രമാണെന്നും ആയിഷ സിദ്ദീഖ പ്രതികരിച്ചു.
Great progress in the economy; Huge demand for Pak fighter jets, Pak minister says IMF aid will be waived within 6 months















