
ഗ്രീൻലൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യുഎസ് നീക്കത്തെ പിന്തുണയ്ക്കാത്ത എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 10 ശതമാനം തീരുവ ചുമത്തി. ഡെൻമാർക്ക്, യുകെ, ജർമ്മനി, ഫ്രാൻസ്, നെതർലൻഡ്‌സ്, ഫിൻലൻഡ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളെയാണ് ട്രംപ് ലക്ഷ്യമിട്ടത്. ഫെബ്രുവരി ഒന്നുമുതൽ പുതിയ തീരുവ നിലവിൽ വരുമെന്നും ജൂൺ മാസത്തോടെ ഇത് 25 ശതമാനമായി വർദ്ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് അനിവാര്യമാണെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.
ട്രംപിന്റെ ഏകപക്ഷീയമായ തീരുമാനത്തിന് ശക്തമായ മറുപടിയുമായി യൂറോപ്യൻ യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി യുഎസുമായുള്ള പ്രധാന വ്യാപാര കരാറുകൾ യൂറോപ്പ് നിർത്തിവെച്ചു. സഖ്യകക്ഷികൾക്ക് മേൽ തീരുവ ചുമത്തുന്ന നടപടി അപലപനീയമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ തുറന്നടിച്ചു. ഡെൻമാർക്കിനും ഗ്രീൻലൻഡിനും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, ഏത് പ്രതിസന്ധിയിലും യൂറോപ്പ് ഒറ്റക്കെട്ടായി നിൽക്കുമെന്ന് വ്യക്തമാക്കി.
ഗ്രീൻലൻഡിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നത് നാറ്റോ (NATO) സഖ്യത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ട്രംപിന്റെ നീക്കം യുഎസിൽ യൂറോപ്യൻ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗ്രീൻലൻഡ് വിൽക്കാനുള്ളതല്ലെന്ന് ഡെൻമാർക്കും പ്രാദേശിക ഭരണകൂടവും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഡെൻമാർക്കിന്റെ അഭ്യർത്ഥനപ്രകാരം മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ യൂറോപ്യൻ രാജ്യങ്ങൾ സൈന്യത്തെ അയച്ചതോടെ പ്രശ്നം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.















