
കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊന്ന കേസിൽ പ്രധാന പ്രതിയടക്കം നാലുപേർ പോലീസ് കസ്റ്റഡിയിലായി. ഇന്നോവ കാറിൽ തിരുവനന്തപുരം ഭാഗത്തേക്ക് രക്ഷപെടാൻ ശ്രമിച്ച പ്രതികളെ അയിരൂരിലെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പോലീസ് പിടികൂടുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെ സ്റ്റേഷന് വെറും രണ്ട് കിലോമീറ്റർ അകലെ വെച്ചാണ് അലുവ അതുലിന് നേരെ ആക്രമണമുണ്ടായത്. അതുൽ സഞ്ചരിച്ച കാറിനെ പിന്തുടർന്നെത്തിയ അക്രമിസംഘം ദേശീയപാത നിർമ്മാണം നടക്കുന്ന കുഴിയിലേക്ക് കാർ ഇടിച്ചിടുകയായിരുന്നു. തുടർന്ന് വടിവാളും വെട്ടുകത്തിയുമായി പുറത്തിറങ്ങിയ സംഘം അതുലിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികളുടെ സുഹൃത്തായ അനീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് അലുവ അതുലിന്റെ കൊലപാതകത്തിന് പിന്നിലെന്ന് എഫ്ഐആറിൽ പറയുന്നു. പട്ടാപ്പകൽ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ അരുംകൊല നടന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
Gunda Leader Aluva Athul Murder: Main Accused and Three Others in Custody Following Gruesome Attack in Karunagappally















