ടെക്സസ് സംസ്ഥാനത്ത് പുതിയ H-1B വിസ നിയമനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനം അമേരിക്കൻ ആരോഗ്യ, ഗവേഷണ മേഖലകളെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. സംസ്ഥാന ഏജൻസികളിലും പൊതുസർവകലാശാലകളിലും ഇനി പുതിയ H-1B വിസ അപേക്ഷകൾ സമർപ്പിക്കരുതെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബോട്ട് ഉത്തരവിട്ടിരുന്നു.
2027 മേയ് 31 വരെ ഈ വിലക്ക് തുടരും. H-1B വിസ പദ്ധതിയിൽ ദുരുപയോഗമുണ്ടെന്ന ആരോപണമാണ് ഗവർണർ ഉന്നയിക്കുന്നത്. അമേരിക്കൻ തൊഴിലാളികൾക്ക് മുൻഗണന നൽകണമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്. വിദേശ തൊഴിലാളികൾ പ്രാദേശിക വേതനം കുറയ്ക്കുന്നു എന്ന വാദം മാഗ (MAGA) അനുകൂലികളും ഉയർത്തുന്നുണ്ട്.
പൊതുസർവകലാശാലകളും അവയോട് അനുബന്ധ സ്ഥാപനങ്ങളും ഉൾപ്പെടെ സംസ്ഥാന സംവിധാനമാകെ ഈ ഉത്തരവ് ബാധകമാണ്. 2025ൽ സമർപ്പിച്ച H-1B അപേക്ഷകളുടെ എണ്ണം, നിലവിൽ ജോലി ചെയ്യുന്ന H-1B വിസ ഉടമകളുടെ വിവരങ്ങൾ, ജോലി പദവി, വിസ കാലാവധി തുടങ്ങിയ വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ടുകളും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം പുറത്തുവന്നതോടെ ഗവേഷകരും ആരോഗ്യ വിദഗ്ധരും ശക്തമായ വിമർശനമാണ് ഉയർത്തുന്നത്.
ലോകപ്രശസ്തമായ എം.ഡി. ആൻഡേഴ്‌സൺ കാൻസർ സെന്റർ പോലുള്ള സ്ഥാപനങ്ങൾ പോലും ഈ വിലക്കിന്റെ പരിധിയിൽ വരുന്നതായി നയ ഗവേഷകൻ കോണർ ഒ’ബ്രയൻ ചൂണ്ടിക്കാട്ടി. H-1B വിസയിലൂടെ മികച്ച ഡോക്ടർമാരെയും ഗവേഷകരെയും നിയമിക്കുന്ന സ്ഥാപനങ്ങളെയാണ് തീരുമാനം നേരിട്ട് ബാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ആരോഗ്യ വിദഗ്ധ കൃതിക കുപ്പള്ളി യുടെ അഭിപ്രായത്തിൽ, ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ക്ഷാമം ഇതിനകം രൂക്ഷമാണ്.
“H-1B വിസകളെ ആശ്രയിച്ചാണ് ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും നിയമിക്കുന്നത്. ഈ തീരുമാനം സ്റ്റാഫ് കുറവ് വർധിപ്പിക്കുകയും ഗവേഷണം മന്ദഗതിയിലാക്കുകയും രോഗികൾക്ക് ദോഷകരമാവുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.മെഡിസിൻ, സയൻസ്, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കാൻ സഹായിക്കുന്നതാണ് H-1B വിസ പദ്ധതി. എന്നാൽ റിപ്പബ്ലിക്കൻ നേതാക്കൾ ഈ വിസയെ ‘കുറഞ്ഞ ചെലവുള്ള തൊഴിൽ’ എന്ന പേരിൽ വിമർശിക്കാറുണ്ട്.
യാഥാർത്ഥ്യത്തിൽ, അമേരിക്കയിലെ പൊതുസർവകലാശാലകളും പഠനാശുപത്രികളും രാജ്യത്തിനുള്ളിൽ ലഭിക്കാൻ ബുദ്ധിമുട്ടുള്ള വിദഗ്ധ സ്ഥാനങ്ങൾ പൂരിപ്പിക്കാൻ H-1B വിസയെ ആശ്രയിക്കുന്നുവെന്നാണ് ആരോഗ്യ മേഖലയിലെ വിലയിരുത്തൽ. കഴിഞ്ഞ വർഷം അമേരിക്കൻ ഹോസ്പിറ്റൽ അസോസിയേഷൻ വ്യക്തമാക്കിയതനുസരിച്ച്, യുഎസിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരിൽ ഏകദേശം 26 ശതമാനവും പൗരത്വമില്ലാത്ത കുടിയേറ്റക്കാരാണ്. ഇവരിൽ വലിയൊരു വിഭാഗം H-1B ഉൾപ്പെടെയുള്ള വിസ വിഭാഗങ്ങളിലൂടെയാണ് ജോലി രംഗത്തെത്തുന്നത്.
H-1B hiring ban: Warning that it will hit the American health and research sectors















