സ്വർണ്ണക്കൊള്ള മാത്രമല്ല സ്വർണ്ണപ്പാളികൾ തന്നെ മാറ്റി? സമഗ്ര അന്വേഷണത്തിന് നിർദ്ദേശിച്ച് ഹൈക്കോടതി, പ്രതികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു, പ്രശാന്തിന്‍റെ കാലത്തെ ഇടപാടിലും അന്വേഷണം

ശബരമല സ്വർണ്ണക്കൊള്ളക്കേസിൽ അതീവ ഗൗരവകരമായ നിരീക്ഷണങ്ങളുമായി ഹൈക്കോടതി. ശബരിമലയിൽ നടന്നത് സ്വർണ്ണക്കൊള്ള മാത്രമല്ല, ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ തന്നെ മാറ്റിയിട്ടുണ്ടോ എന്ന സംശയം കോടതി പ്രകടിപ്പിച്ച . വിഎസ്എസ്സി (VSSC) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനാ റിപ്പോർട്ടിലെ സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ സമഗ്ര അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നിർദ്ദേശം നൽകി. കേസിലെ പ്രധാന പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കാനും കോടതി ഉത്തരവിട്ടു. പി.എസ്. പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിൽ നടന്ന എല്ലാ ഇടപാടുകളും വിശദമായി അന്വേഷിക്കാനും കോടതി നിർദ്ദേശിച്ചു.

നിലവിലെ സ്വർണ്ണപ്പാളികൾ പുതിയതാണോ അതോ പഴയതാണോ എന്ന് ശാസ്ത്രീയമായി കണ്ടെത്തേണ്ടതുണ്ട്. ഇതിനായി പരിശോധന നടത്തിയ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്താനും, ആവശ്യമെങ്കിൽ മറ്റ് സാങ്കേതിക വിദഗ്ധരുടെ സഹായം തേടാനും കോടതി അനുമതി നൽകി. നാളെ സന്നിധാനത്ത് വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശ്രീകോവിലിന്റെ വാതിൽപാളികൾ ഉൾപ്പെടെ അളന്നു തിട്ടപ്പെടുത്താനും പഴയ വാതിലുകൾ വിശദമായി പരിശോധിക്കാനുമാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ശബരിമലയിൽ നടന്നത് വൻ കൊള്ളയാണെന്ന നിരീക്ഷണത്തോടെ കേസ് ഫെബ്രുവരി 9-ലേക്ക് മാറ്റി. അതുവരെ അന്വേഷണ പുരോഗതി വിലയിരുത്തുമെന്നും കോടതി വ്യക്തമാക്കി. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും അന്വേഷണ പരിധിയിൽ വരും.

ഫെബ്രുവരി 9 ന് വീണ്ടും കേസ് പരിഗണിക്കും. അതിന് മുന്നേ പഴയ വാതിലടക്കം പരിശോധിക്കണം. വി എസ് എസ്‌ സിയുടെ പരിശോധന റിപ്പോർട്ട്‌ സാങ്കേതിക സ്വഭാവം ഉള്ളതാണ്. വിഷയത്തില്‍ കൂടുതൽ വ്യക്തത വരണം. അതിന് പരിശോധന നടത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ വ്യക്തത ഉണ്ടാക്കണം. ആവശ്യമെങ്കിൽ മറ്റ് സാങ്കേതിക വിദഗ്ധരുടെ ഉപദേശവും സ്വീകരിക്കാം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide