
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) നാസയുടെ ക്രൂ 11 ദൗത്യം അപ്രതീക്ഷിതമായി വെട്ടിച്ചുരുക്കി. സംഘത്തിലെ ഒരു ബഹിരാകാശ സഞ്ചാരിക്ക് നേരിട്ട ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് നാളെത്തന്നെ സംഘത്തെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെ നാലംഗ സംഘം ക്രൂ ഡ്രാഗൺ പേടകത്തിനുള്ളിൽ പ്രവേശിച്ച് മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കും.
നാസയുടെ സെന കാർഡ്മാൻ, മൈക്ക് ഫിൻകെ, ജാക്സയുടെ കിമിയ യുയി, റോസ്കോസ്മോസിന്റെ ഒലെഗ് പ്ലാറ്റനോവ് എന്നിവരാണ് ഈ സംഘത്തിലുള്ളത്. ഇതിൽ നാസയുടെ സഞ്ചാരിക്കാണ് ആരോഗ്യപ്രശ്നങ്ങളുള്ളത്, എന്നാൽ ഇത് എന്തുതരം പ്രയാസമാണെന്ന് വെളിപ്പെടുത്താൻ നാസ തയ്യാറായിട്ടില്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു യാത്രികന്റെ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഒരു ദൗത്യം നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിക്കുന്നത്.
നാളെ പുലർച്ചെ 3:35-ന് ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടുന്ന പേടകം ഉച്ചയ്ക്ക് 2:11-ഓടെ കാലിഫോർണിയ തീരത്ത് കടലിൽ ഇറങ്ങും. നേരത്തെ ഫെബ്രുവരിയിൽ മടങ്ങാൻ നിശ്ചയിച്ചിരുന്ന സംഘത്തെയാണ് അതീവ സുരക്ഷയോടെ നാസ തിരിച്ചെത്തിക്കുന്നത്. കടലിലിറങ്ങുന്ന പേടകത്തെ ഉടൻ തന്നെ പ്രത്യേക ബോട്ടുകൾ ഉപയോഗിച്ച് വീണ്ടെടുക്കാനും യാത്രികർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്.











