
ടെഹ്റാൻ: യുഎസും ഇസ്രായേലും ബോധപൂർവ്വം സാധാരണക്കാരെ ലക്ഷ്യം വെക്കുകയാണെന്നും സംഘർഷം ആരംഭിച്ചതിന് ശേഷം നടന്ന ആക്രമണങ്ങളിൽ 1,300-ലധികം പേർ കൊല്ലപ്പെട്ടതായും ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ അമീർ സയീദ് ഇറാനി കുറ്റപ്പെടുത്തി.
യുദ്ധബാധിതരെയും നിലവിൽ തുടരുന്ന യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെയും കുറിച്ച് യുഎൻ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അമീർ സയീദ് ഇറാനി ഇക്കാര്യം പറഞ്ഞത്. ജനവാസമേഖലകളും നിർണ്ണായകമായ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കപ്പെട്ടതായും ഇതിനെ “ഭീകരമായ കുറ്റകൃത്യങ്ങൾ” എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഏകദേശം 8,000 വീടുകൾ ഉൾപ്പെടെ 9,669 സിവിലിയൻ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഇതിൽ വ്യാപാര കേന്ദ്രങ്ങൾ, മെഡിക്കൽ-ഫാർമസ്യൂട്ടിക്കൽ സൗകര്യങ്ങൾ, സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇറാനിയൻ നഗരങ്ങളിൽ ആക്രമണം തുടരുന്നതിനാൽ ഈ കണക്കുകൾ ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇറാനി പറഞ്ഞു.
മാർച്ച് 5, 7 തീയതികളിൽ രാത്രിയിൽ ടെഹ്‌റാനിലും മറ്റ് നഗരങ്ങളിലും ഇന്ധന സംഭരണശാലകൾക്ക് നേരെ കനത്ത ആക്രമണമുണ്ടായതായും ഇത് അന്തരീക്ഷത്തിലേക്ക് വലിയ അളവിൽ അപകടകരമായ വിഷവാതകങ്ങൾ പുറന്തള്ളാൻ കാരണമായതായും അദ്ദേഹം പറഞ്ഞു. മാർച്ച് 8 ന് രാവിലെ പെയ്ത മഴ ഈ മലിനീകരണ വസ്തുക്കളെ “അത്യന്തം അസിഡിറ്റി ഉള്ള മഴയായി” (Acid rain) പടർത്തിയെന്നും ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെഹ്‌റാനിലെ മെഡിക്കൽ സെന്ററുകൾ അതീവ ജാഗ്രതയിലാണെന്നും താമസക്കാരോട് വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണെന്നും ഇറാനിലെ സാഹചര്യം ഐക്യരാഷ്ട്ര സുരക്ഷാ സമിതി കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Heavy crimes are being committed in Iran’; Iranian representative lashes out at UN, says 1300 civilians killed in war















