ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞ്. ഡൽഹിയിലും സമീപനഗരങ്ങളിലും ഞായറാഴ്‌ച രാവിലെ കടുത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. ഡൽഹിയിൽ കാഴ്‌ച പൂർണമായും തടസ്സപ്പെട്ടു. ഡൽഹി-എൻസിആർ കൂടാതെ, ബറേലി, ലക്നൗ, കുഷിനഗർ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞിൽ കാഴ്‌ച പൂർണമായും മറഞ്ഞു. അമൃത്സറിലും ഗോരഖ്പൂരിലും 100 മീറ്ററും പ്രയാഗ് രാജിൽ 200 മീറ്ററും ആയിരുന്നു കാഴ്‌ചപരിധി.
മൂടൽമഞ്ഞിനെ തുടർന്ന് നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകി. രൂക്ഷമായി തുടരുന്ന വായു മലിനീകരണത്തിലും ഡൽഹി ശ്വസം മുട്ടുകയാണ്. രാവിലെ ഏഴ് മണിക്ക് എയർ ക്വാളിറ്റി ഇൻഡെക്സ് (AQI) 439 ൽ എത്തി. സഫ്‌ദർജംഗിൽ കാഴ്‌ച പൂർണമായി തടസ്സപ്പെട്ടതായി കാലാവസ്ഥാവകുപ്പ് (IMD) റിപ്പോർട്ട് ചെയ്തു. പാലം മേഖലയിൽ കാഴ്ചപരിധി 100 മീറ്റർ ആയിരുന്നു.
കനത്ത മൂടൽമഞ്ഞ് കാരണം എയർ ഇന്ത്യയും ഇൻഡിഗോയും ഉൾപ്പെടെയുള്ള നിരവധി എയർലൈനുകൾ സർവീസുകൾക്ക് തടസ്സം നേരിട്ടേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ 24ന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തെയും മൂടൽമഞ്ഞ് ബാധിച്ചു. ഇവിടെനിന്ന് നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ 35 ശതമാനവും ഏറെ വൈകിയാണ് ടേക്ക് ഓഫ് ചെയ്യുന്നത്.
27 ശതമാനം വിമാനങ്ങളുടെയും ലാൻഡിങും വൈകുന്നുണ്ട്. കാഴ്ചയെ ബാധിക്കുന്നുണ്ടെങ്കിലും വിമാന സർവീസുകൾ സാധാരണ നിലയിലാണെന്ന് രാവിലെ 8 മണിക്ക് ഡൽഹി വിമാനത്താവളം ട്വീറ്റ് ചെയ്തു. മൂടൽമഞ്ഞ് ഡസൻ കണക്കിന് ട്രെയിനുകളെയും ബാധിച്ചു. കാലതാമസം 12 മണിക്കൂർ വരെ നീണ്ടു. രാജധാനി, ദുരന്തോ, ഗരീബ് രഥ് എക്സ‌്പ്രസ് ട്രെയിനുകൾ ഉൾപ്പെടെ പ്രമുഖ ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു.
Heavy fog in Delhi; Train-air services were disrupted















