പാർലമെന്റ് വളപ്പിൽ മകർ ദ്വാറിന് സമീപം കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവും തമ്മിൽ നാടകീയമായ വാക്കേറ്റം. സെഷൻ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ബിട്ടുവിനെ ‘വഞ്ചകൻ’ എന്ന് രാഹുൽ വിശേഷിപ്പിച്ചതോടെയാണ് തർക്കം തുടങ്ങിയത്. രാഹുലിന്റെ പരാമർശത്തിന് ‘രാജ്യത്തിന്റെ ശത്രു’ എന്ന് വിളിച്ചുകൊണ്ടാണ് ബിട്ടു മറുപടി നൽകിയത്.
പ്രതിഷേധക്കാർക്കിടയിലൂടെ നടന്നുപോയ ബിട്ടുവിനെ ചൂണ്ടിക്കാട്ടി, “ദേ ഒരു വഞ്ചകൻ പോകുന്നു” എന്ന് രാഹുൽ പരിഹസിക്കുകയായിരുന്നു. തുടർന്ന് ചിരിച്ചുകൊണ്ട് ഹസ്തദാനത്തിനായി കൈനീട്ടിയ രാഹുൽ, “വിഷമിക്കേണ്ട, നിങ്ങൾ കോൺഗ്രസിലേക്ക് തന്നെ തിരികെ വരും” എന്നും കൂട്ടിച്ചേർത്തു. എന്നാൽ രാഹുലിന് കൈ കൊടുക്കാൻ ബിട്ടു വിസമ്മതിച്ചു. തന്നെ വഞ്ചകൻ എന്ന് വിളിച്ചതിന് പകരമായി രാഹുൽ രാജ്യദ്രോഹിയാണെന്ന് ബിട്ടു തിരിച്ചടിച്ചു. ഇതോടെ ഇരുനേതാക്കളും തമ്മിൽ കുറച്ചുനേരം വാഗ്വാദം തുടർന്നു.
സംഭവത്തിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ രാജ വാറിങ് ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി. പാർട്ടിയെ വഞ്ചിച്ചുപോയ ഒരാളെ മറ്റൊരു പേര് വിളിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ പോലും അനുവാദമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും കോൺഗ്രസ് ആരോപിച്ചു. എന്നാൽ കേന്ദ്രമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച രാഹുലിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് ബിജെപി പക്ഷം കുറ്റപ്പെടുത്തി.











