
വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് യുഎസ് ഫെഡറൽ റിസർവിൻ്റെ അടുത്ത ചെയർമാനായി കെവിൻ വാർഷിനെ നാമനിർദ്ദേശം ചെയ്യുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചത്. ഫെഡറൽ റിസർവും അതിൻ്റെ നിലവിലെ ചെയർമാൻ ജെറോം പവലും ട്രംപും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിൽ ഈ നിയമനം അതീവ ശ്രദ്ധയോടെയാണ് ലോകം വീക്ഷിക്കുന്നത്. സെനറ്റ് ട്രംപിൻ്റെ നിയമനം അംഗീകരിക്കുകയാണെങ്കിൽ, 2026 മേയ് മാസത്തിൽ ജെറോം പവലിന്റെ കാലാവധി കഴിയുമ്പോൾ കെവിൻ വാർഷ് ചുമതലയേൽക്കും.
ട്രംപിൻ്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്വർണ്ണം, വെള്ളി വിപണികളിൽ വൻ ഇടിവുണ്ടായിരിക്കുകയാണ്. മാസങ്ങളോളം റെക്കോർഡ് ഉയരത്തിൽ നിന്ന സ്വർണ്ണവില 9 ശതമാനവും വെള്ളിവില 28 ശതമാനവുമാണ് ഇടിഞ്ഞത്. യുഎസ് ഓഹരി വിപണിയിലും നേരിയ ഇടിവ് രേഖപ്പെടുത്തി. എന്നാൽ, ഫെഡറൽ റിസർവിൻ്റെ സ്വതന്ത്രമായ പ്രവർത്തനത്തിൽ ട്രംപ് ഇടപെടുന്നു എന്ന ആശങ്കകൾക്കിടയിലും, വിപണിയിലുണ്ടായ ഈ തകർച്ച വാർഷിൻ്റെ നിഷ്പക്ഷതയിലും യോഗ്യതയിലുമുള്ള വിശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്.
ട്രംപും ഫെഡറൽ റിസർവും തമ്മിലെന്തിന് പോരാട്ടം?
2017-ൽ ട്രംപ് തന്നെയാണ് ജെറോം പവലിനെ നിയമിച്ചതെങ്കിലും, ട്രംപ് ആഗ്രഹിച്ച വേഗത്തിൽ പലിശനിരക്ക് കുറയ്ക്കാൻ പവൽ തയ്യാറാകാത്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. കഴിഞ്ഞ ഒരു വർഷമായി ട്രംപും ഫെഡറൽ റിസർവും തമ്മിൽ അഭൂതപൂർവ്വമായ സംഘർഷമാണ് നിലനിൽക്കുന്നത്. പവലിനെ വ്യക്തിപരമായി അധിക്ഷേപിച്ച ട്രംപ്, അദ്ദേഹത്തെ പുറത്താക്കാൻ ആഗ്രഹിക്കുന്നതായും പരസ്യമായി പറഞ്ഞു. ഈ തർക്കം പിന്നീട് നിയമപരമായ ഭീഷണികളിലേക്കും നീങ്ങി. ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെതിരെ വായ്പാ രേഖകളിൽ ക്രമക്കേട് ആരോപിച്ചും, പവലിനെതിരെ ഓഫീസ് നവീകരണത്തിൽ അമിതമായി പണം ചിലവഴിച്ചു എന്ന് ആരോപിച്ചും ട്രംപിൻ്റെ നീതിന്യായ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തലെങ്കിലും പവലിനെ പുറത്താക്കാൻ ട്രംപ് ഈ അന്വേഷണങ്ങളെ ഉപയോഗിക്കുന്നുണ്ടെന്നും വിമർശനം ഉയരുന്നുണ്ട്.
പ്രസിഡൻ്റിൻ്റെ താല്പര്യങ്ങൾക്കനുസരിച്ചല്ല, മറിച്ച് പൊതുജന നന്മയ്ക്കായി സാമ്പത്തിക വിലയിരുത്തലുകൾ നടത്തിയാണ് പലിശനിരക്ക് നിശ്ചയിക്കുന്നതെന്നാണ് പവൽ ട്രംപിനുള്ള മറുപടി നൽകിയത്.
ഇതിനിടെ 14 അന്താരാഷ്ട്ര സെൻട്രൽ ബാങ്ക് മേധാവികൾ പവലിന് പിന്തുണയുമായി രംഗത്തെത്തി. സാമ്പത്തിക സ്ഥിരതയ്ക്ക് സെൻട്രൽ ബാങ്കുകളുടെ സ്വതന്ത്രമായ പ്രവർത്തനം അത്യന്താപേക്ഷിതമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഇതോടെ ചർച്ച കൊഴുക്കുകയും ചെയ്തു. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. ചരിത്രപരമായി, സെൻട്രൽ ബാങ്കിൻ്റെ തീരുമാനങ്ങളിൽ പ്രസിഡൻ്റുമാർ ഇടപെടുന്നത് സാമ്പത്തിക തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. 1970-കളിലെ അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയും, സമീപകാലത്ത് അർജൻ്റീനയിലും തുർക്കിയിലുമുണ്ടായ തകർച്ചയും ഇതിന് ഉദാഹരണങ്ങളാണ്.
ആരാണ് കെവിൻ വാർഷ്
1970 ഏപ്രിൽ 13-ന് ന്യൂയോർക്കിലെ ആൽബനിയിൽ ജനിച്ച കെവിൻ വാർഷിന്. നിലവിൽ 55 വയസ്സുണ്ട്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ഹാർവാർഡ് ലോ സ്കൂളിൽ നിന്ന് നിയമ ബിരുദവും നേടി. മോർഗൻ സ്റ്റാൻലിയിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കറായാണ് അദ്ദേഹം തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2006 മുതൽ 2011 വരെ ഫെഡറൽ റിസർവ് ബോർഡ് ഓഫ് ഗവർണേഴ്സിൽ അംഗമായിരുന്നു. 35-ാം വയസ്സിൽ ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. പ്രസിഡൻ്റ് ജോർജ്ജ് ഡബ്ല്യു. ബുഷിൻ്റെ കാലത്ത് വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഹൂവർ ഇൻസ്റ്റിറ്റ്യൂഷനിൽ സീനിയർ ഫെലോ ആയി പ്രവർത്തിക്കുന്നു.
ചരിത്രപരമായി പലിശനിരക്ക് ഉയർത്തി നിർത്താൻ ആഗ്രഹിക്കുന്ന ഒരു “ഇൻഫ്ലേഷൻ ഹോക്ക്” ആയാണ് അദ്ദേഹം അറിയപ്പെടുന്നത്. എന്നാൽ അടുത്തിടെ, പലിശനിരക്ക് കുറയ്ക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് അദ്ദേഹം യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വഴിയുള്ള ഉൽപ്പാദന വർദ്ധനവ് പണപ്പെരുപ്പം കൂടാതെ തന്നെ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുമെന്ന് അദ്ദേഹം വാദിക്കുന്നു.
നിലവിലെ ഫെഡറൽ റിസർവ് നയങ്ങളെയും ജെറോം പവലിൻ്റെ നേതൃത്വത്തെയും അദ്ദേഹം കഠിനമായി വിമർശിക്കാറുണ്ട്. ഫെഡറൽ റിസർവിൽ ഒരു “ഭരണമാറ്റം” വേണമെന്ന് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.
Here’s how Trump’s move affected the Gold and silver market














