
ടെൽ അവീവ്: ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിൻ്റെ ആസ്ഥാനമായ ടെൽ അവീവിലെ ‘കിരിയ’ സമുച്ചയത്തിന് നേരെ ശക്തമായ മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുള്ള. വ്യാഴാഴ്ച പുലർച്ചെയാണ് യുദ്ധം പുതിയ തലത്തിലേക്ക് എത്തിച്ചുകൊണ്ടുള്ള ഈ നീക്കം നടന്നത്.
പ്രതിരോധ മന്ത്രാലയത്തിന് പുറമെ ഇസ്രയേൽ സൈന്യത്തിൻ്റെ (IDF) പ്രധാന കാര്യാലയങ്ങളും ഉൾപ്പെടുന്ന അതീവ സുരക്ഷാ മേഖലയാണ് ഹിസ്ബുള്ള ലക്ഷ്യമിട്ടത്. വിവിധ തരം റോക്കറ്റുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള തങ്ങളുടെ ഔദ്യോഗിക ചാനലിലൂടെ അറിയിച്ചു. ടെൽ അവീവിനടുത്തുള്ള മിലിട്ടറി ഇൻ്റലിജൻസ് ബാരക്കുകൾക്കും എള്ളാ താഴ്‌വരയിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്റ്റേഷനും നേരെ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെടുന്നു.
മിസൈൽ ആക്രമണങ്ങളെത്തുടർന്ന് നഗരത്തിൽ അപായ സൂചന നൽകുന്ന സൈറണുകൾ മുഴങ്ങി. എന്നാൽ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള ഔദ്യോഗിക വിവരങ്ങൾ ഇസ്രയേൽ പ്രതിരോധ സേന പുറത്തുവിട്ടിട്ടില്ല.
ലബനൻ അതിർത്തിയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ പ്രത്യാക്രമണമെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.
Hezbollah missile attack on Israeli military headquarters in Tel Aviv















