
ഹൂസ്റ്റൺ: ടെക്സാസിലെ ഹൂസ്റ്റണിലുള്ള പ്രശസ്ത റസ്റ്ററന്റ് ശൃംഖലയായ ‘ലൂപ്പേ ടോർട്ടിയ’യിലെ (Lupe Tortilla) ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ പിടിയിലായി. ബെയ്‌സൺ ഏലിയാസ് പു എന്ന ജീവനക്കാരനെയാണ് ഹെഡ്‌വിഗ് വില്ലേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 30-ന് വൈകുന്നേരം റസ്റ്ററന്റിലെ ഫാമിലി ബാത്ത്റൂമിലെ സിങ്കിനടിയിൽ ഒളിപ്പിച്ച നിലയിൽ ക്യാമറ കണ്ടെത്തുകയായിരുന്നു. ഒരു ജീവനക്കാരനാണ് ഇത് കണ്ടെത്തി മാനേജറെ വിവരമറിയിച്ചത്. പിടിച്ചെടുത്ത ക്യാമറയിൽ നിന്ന് പ്രായപൂർത്തിയായ സ്ത്രീകളുടെയും ഒരു പെൺകുട്ടിയുടെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ക്യാമറ സ്ഥാപിക്കുന്നതിനിടെ 31 കാരനായ പ്രതിയുടെ മുഖവും അതിൽ പതിഞ്ഞിരുന്നു.
നിയമവിരുദ്ധമായി ദൃശ്യങ്ങൾ പകർത്തിയതിന് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതി വ്യാജ രേഖകൾ ഉപയോഗിച്ചാണ് ജോലി നേടിയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. നിലവിൽ 1,50,000 ഡോളർ ബോണ്ടിൽ ഇയാൾ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
Hidden camera in restroom of famous restaurant chain ‘Lupe Tortilla’; Employee arrested










