കണ്ണൂർ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായ സാഹചര്യത്തിൽ കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരനെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ സുധാകരൻ ഉറച്ചുനിൽക്കുന്നതും ഇതിനെത്തുടർന്നുണ്ടായ പരസ്യമായ അതൃപ്തിയും പരിഗണിച്ചാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ. തിങ്കളാഴ്ച രാഹുൽ ഗാന്ധിയും എഐസിസി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖർഗെയും സുധാകരനുമായി നേരിട്ട് ചർച്ച നടത്തും. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സുധാകരൻ നേരത്തെ പാർലമെന്റ് സമ്മേളനം ബഹിഷ്കരിച്ച് നാട്ടിലേക്ക് മടങ്ങിയത്.
താൻ കടന്നുവന്ന കനൽവഴികൾ മറ്റുള്ളവർക്ക് മറക്കാമെങ്കിലും തനിക്ക് അതിനാവില്ലെന്ന് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ച വൈകാരിക കുറിപ്പ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കണ്ണൂർ തന്റെ ഹൃദയരക്തമാണെന്നും താൻ നടത്തിയ ത്യാഗങ്ങൾ വിസ്മരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. ഇതിന് പിന്നാലെ സുധാകരനെ അനുകൂലിച്ച് കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും അദ്ദേഹത്തെ ഒതുക്കാൻ ശ്രമിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു.
സുധാകരന്റെ കടുത്ത നിലപാട് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അനുനയ നീക്കങ്ങളോട് ഇതുവരെ അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടില്ല. കണ്ണൂർ സീറ്റിൽ മത്സരിക്കാൻ അനുവദിക്കാത്ത പക്ഷം സുധാകരൻ സ്വീകരിക്കുന്ന നിലപാട് തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ ബാധിക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ സുധാകരൻ തന്റെ നിലപാടിൽ അയവ് വരുത്തുമോ അതോ മത്സരരംഗത്ത് വേണമെന്ന് നിർബന്ധം പിടിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും കണ്ണൂരിലെ കോൺഗ്രസിന്റെ ഭാവി നീക്കങ്ങൾ.
High Command summons K Sudhakaran to Delhi over Kannur seat row; meeting with Rahul Gandhi on Monday












